kerala-assembly
KERALA ASSEMBLY

തിരുവനന്തപുരം : ഇലക്ട്രിക് ഗതാഗത നയത്തിന്റെ ഭാഗമായി 2022 ഓടെ 10 ലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിലിറക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു . രണ്ടു ലക്ഷം ഇരുചക്ര വാഹനങ്ങളും അരലക്ഷം മുച്ചക്രവാഹനങ്ങളും 1000 ചരക്കു വാഹനങ്ങളും 3000 ബസുകളും 100 ബോട്ടുകളും ഉൾപ്പെടെയാണിത്.

ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി, മോട്ടോർ തുടങ്ങിയവ ഇവിടെത്തന്നെ നിർമ്മിക്കാൻ സാഹചര്യമൊരുക്കി തൊഴിൽ സാദ്ധ്യത വർധിപ്പിക്കും- സി ദിവാകരൻ, ചിറ്റയം ഗോപകുമാർ, മുഹമ്മദ് മുഹ്സിൻ, സി.കെ ആശ തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.

പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങൾക്ക് 25 ശതമാനവും ആട്ടോറിക്ഷകൾക്ക് 50 ശതമാനവും നികുതി ഇളവ് നൽകും. സർക്കാർ വകുപ്പുകളിൽ നിശ്ചിത ശതമാനം ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നത് പരിഗണനയിലാണ്. സംസ്ഥാനത്ത് രണ്ടു മാസത്തിനകം ഇ ഓട്ടോകൾ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിൽ ഇറക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ എം.വിൻസന്റിനെ അറിയിച്ചു. ഏകദേശ വില 2.80 ലക്ഷം രൂപയാണ്.

റോഡപകടങ്ങൾ കുറയ്ക്കാൻ നടപ്പാക്കിയ സേഫ് കേരള പദ്ധതിയുടെ ഭാഗമായുള്ള ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് പരിശോധനയിൽ ട്രാഫിക് നിയമങ്ങൾ ലംഘിച്ച 11,082 വാഹനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ഇവരിൽ നിന്ന് 4.28 കോടി രൂപ പിഴയായി ഈടാക്കി. സേഫ് കേരള പദ്ധതിയിൽ ഇതുവരെ 2.18 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്യുകയും 25.15 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തുവെന്ന് പി.സി. ജോർജിനെ മന്ത്രി അറിയിച്ചു. വിദ്യാർത്ഥികൾക്കായി റോഡ് സുരക്ഷാ കാര്യങ്ങൾ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിച്ചുവരുന്നതായി കെ.ജെ.മാക്സി, വി ജോയി, എം. മുകേഷ്, എ. പ്രദീപ്കുമാർ തുടങ്ങിയവരെ മന്ത്രി അറിയിച്ചു.

2018 മഹാപ്രളയത്തിൽ കൃഷിനാശം കാരണമുള്ള കടക്കെണിയിൽ സംസ്ഥാനത്ത് 21 കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ ഒമ്പതു പേർ വീതവും കണ്ണൂരിൽ രണ്ടുപേരും ആത്മഹത്യ ചെയ്തു. കാസർകോട്ട് ഒരാൾ ജീവനൊടുക്കി.

പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ കൃഷി വകുപ്പ് നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി വി.എസ്.സുനിൽകുമാർ. പച്ചക്കറി വികസനം, ജൈവകൃഷി, വിപണി വികസന പദ്ധതികളിൽ 1131 വിപണികൾക്കുള്ള സൗകര്യദാതാവായി കൃഷി വകുപ്പ് പ്രവർത്തിക്കുന്നു. കർഷകരിൽ നിന്ന് ഉത്പന്നങ്ങൾ നേരിട്ട് സംഭരിക്കാൻ ആറ് മൊത്തവ്യാപാര വിപണികളും അഞ്ച് ജില്ലാ സംഭരണ കേന്ദ്രങ്ങളും നിലവിലുണ്ടെന്ന് പി.ജെ.ജോസഫ്, റോഷി അഗസ്റ്റിൻ, മോൻസ് ജോസഫ്, എൻ.ജയരാജ് എന്നിവരെ മന്ത്രി അറിയിച്ചു.