കിളിമാനൂർ: കേശവപുരം ആശുപത്രിയെ ആശ്രയിക്കുന്ന ഗ്രാമങ്ങളിലുടനീളം പാലിയേറ്റീവ് പ്രവർത്തനങ്ങൾ വളരെ മികച്ച രീതിൽ നടപ്പാക്കിയെന്ന ഖ്യാതി ഈ കമ്യൂണിറ്റിഹെൽത്ത് സെന്ററിന് സ്വന്തം.പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തന്നെ മാതൃകയാകുകയാണ് കേശവപുരം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ " സഞ്ജീവനി " സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റ്. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന കേശവപുരം ഹോസ്പിറ്റലിലെ സഞ്ജീവനി യൂണിറ്റ് ഇന്ന് അശരണർക്കും, അവശർക്കും ഒരു ആശ്രയമാണ്. ഗുരുതരമായ രോഗങ്ങൾ ബാധിച്ച് ഉറ്റവരും ഉടയവരും ഉപേക്ഷിച്ചവരേയും നോക്കാൻ ആളില്ലാത്തവർക്കുമെല്ലാം വൈദ്യ സഹായവും പരിചരണവും നൽകാനുംമുന്നിട്ടിറങ്ങുകയാണ് സെക്കൻഡറി പാലിയേറ്റീവ് യൂണിറ്റ്. ബ്ലോക്ക് പരിധിയിലെ മുഴുവൻ പഞ്ചായത്തിലെ രോഗികൾക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും.ഇതിനായി ബ്ലോക്ക് പഞ്ചായത്ത് ഒരു ആംബുലൻസും ,ആശുപത്രിയിലെ എൻ.എച്ച്.എം നിയമിച്ച നഴ്സിനെയും, ഫിസിയോ തെറാപ്പിസ്റ്റിനേയും പുറമെ രണ്ട് ജീവനക്കാരെയും ബ്ലോക്ക് പ്രോജക്ട് ഫണ്ട് ഉപയോഗിച്ച് നിയമിച്ചിട്ടുണ്ട്.കാൻസർ, കിഡ്നി രോഗികൾക്കായുള്ള വില കൂടിയ മരുന്നുകളും സൗജന്യമായാണ് നൽകുന്നത്. കിടപ്പു രോഗികൾക്കും ,വൃദ്ധർക്കും മാരക രോഗങ്ങൾ പിടിപെട്ട് പുറത്തിറങ്ങാൻ പറ്റാത്തവർക്കും സഞ്ജ്ജീവനി വലിയ ഒരാശ്വാസമാകുകയാണ്.

 സെക്കൻഡറി പാലിയേറ്റീവ് :

ക്യാൻസർ, വൃക്കരോഗം തുടങ്ങീ അതി ശ്രദ്ധ വേണ്ട എല്ലാ പ്രായത്തിലുള്ള രോഗികളെയും വീടുകളിൽ എത്തിച്ചും, ആശുപത്രിയിൽ എത്തിച്ച് ചികിത്സ നടത്തേണ്ട വരെ ആ രീതിയിലും ചികിത്സിക്കുന്ന പദ്ധതി.

കിടപ്പ് രോഗികളെ വീട്ടിൽ എത്തി ചികിത്സ നൽകുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ആംബുലൻസും, നഴ്സ്, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവരെ നിയമിച്ചു.കേശവപുരം ആശുപത്രിയിൽ പാലിയേറ്റീവിനായി ആധുനിക വത്കരിച്ച പ്രത്യേക കെട്ടിടം, ഇവിടെ അഡ്ജസ്റ്റബിൾ ബെഡ്, രോഗികളുടെ മാനസിക ഉല്ലാസത്തിനായി മ്യൂസിക് സിസ്റ്റം, ടി.വി. എന്നിവ സ്ഥാപിച്ചിരിക്കുന്നു.

പ്രവർ‌ത്തനങ്ങൾ

1.കിടപ്പ് രോഗികൾക്ക് വീട്ടിൽ പരിചരണം

2. കാൻസർ,വൃക്ക രോഗികൾക്ക് ആംബുലൻസ് സേവനം

4.വൃദ്ധരായവർക്ക് പ്രത്യേക പരിഗണന

5. ജീവിതശൈലിരോഗ നിർണയവും ചികിത്സയും

മോർഫിൻ തുടങ്ങി വില കൂടിയ മരുന്നുകൾ സൗജന്യമായി നൽകുന്നു.

 നിലവിൽ ഗുണഭോക്താക്കൾ : ഇൻ പേഷ്യന്റ് 83 ഔട്ട് പേഷ്യന്റ് 65.

പ്രതികരണം:സംസ്ഥാനത്തിന് തന്നെ മാതൃകയായി പ്രവർത്തിക്കുന്ന ഒരു സെക്കന്ററി പാലിയേറ്റീവ് യൂണിറ്റാണ് ഇവിടെ പ്രവർത്തിക്കുന്നത്. വൃദ്ധർ മാത്രമല്ല ,ചെറുപ്പക്കാർ വരെയുള്ളവർക്ക് അതീവ ശ്രദ്ധയും പരിചരണവും ലഭിക്കുന്നുണ്ട്. ബ്ലോക്കിന് കീഴിലുള്ള 8 പഞ്ചായത്തുകൾക്കും ചികിത്സ ലഭിക്കുന്ന തരത്തിൽ പാലിയേറ്റിവിന് മാത്രമായി ബ്ലോക്ക് പഞ്ചായത്ത് ഒരു ആംബുലൻസ് നൽകി.തുടർന്നും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും

--- ശ്രീജ ഷൈജു ദേവ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.


പാല്ലിയേറ്റീവ്‌ പരിചരണത്തിന്‌ വൈദ്യൻ, നെഴ്സ്‌, സാമൂഹിക പ്രവർത്തകൻ, ആത്മീയ പ്രവർത്തകൻ, ഫിസിയോതെറാപ്പിസ്റ്റ്‌, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്‌, സന്നദ്ധ പ്രവർത്തകർ, ഏറ്റവും പ്രധാനമായി രോഗിയുടെ കുടുംബവും അടങ്ങുനതാണ്‌ പരിചരണ സംഘം.

ലോകാരോഗ്യ സംഘടന പ്രകാരം "ജീവനു ഭീഷണിയാകുന്ന രോഗങ്ങളുള്ളവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയർത്തുന്നതിനായി പ്രസ്തുത രോഗലക്ഷണങ്ങളോടനുബന്ധിച്ച് സത്വരമായ രോഗ നിർണയവും കുറ്റമറ്റ വേദന സംഹാര ചികിത്സകളും, അവരുടെ ശാരീരിക, മാനസിക, സാമൂഹിക, ആദ്ധ്യാത്മിക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് അവരുടെ ക്ലേശങ്ങൾ തടയുകയോ കുറയ്ക്കുകയോ ചെയ്യുന്ന സമീപനമാണ് പാല്ലിയേറ്റീവ്‌ പരിചരണം.