നെയ്യാറ്റിൻകര: പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ തുല്യതാ സംരക്ഷണ ജാഥ നെയ്യാറ്റിൻകരയിൽ അവസാനിച്ചു. വിദ്യാഭ്യാസ തുല്യത ഉറപ്പു വരുത്തുക, യൂണിവേഴ്സിറ്റികളിൽ ഡിസ്റ്റൻഡ് എഡ്യൂക്കേഷനും പ്രൈവറ്റ് രജിസ്ട്രേഷനും നിലനിറുത്തുക, പാരലൽ കോളേജുകളെ സംരക്ഷിക്കുക, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്നീ ആവശ്യങ്ങളാണ് ജാഥയിൽ ഉന്നയിക്കപ്പെട്ടത്. നെയ്യാറ്റിൻകരയിലെ സ്വീകരണ യോഗത്തിൽ പാരലൽ കോളേജ് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എസ്. സജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ ജിജി വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റൻ എ.ജി. രാജീവൻ, അസോസിയേഷൻ രക്ഷാധികാരി ഡോ. രാജേഷ് മേനോൻ, ചന്ദ്രശേഖരൻ നായർ, കെ. സുകേശൻ, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. കേരള ഗവർണർ, മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷ നേതാവ്‌, എം. പിമാർ, എം.എൽ.എമാർ, വൈസ് ചാൻസലർമാർ എന്നിവർക്ക് നിവേദനവും നൽകി.