palam

ഉഴമലയ്ക്കൽ: ഉഴമലയ്ക്കൽ - വെള്ളനാട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന എലിയാവൂർ പാലം ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങളെ ആയിട്ടുള്ളു. സുഗമമായ യാത്ര ലക്ഷ്യമിട്ട് നിർമ്മിച്ച പാലമിപ്പോൾ അത്മഹത്യാമുനമ്പായി മാറുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്കകം ഈ പാലത്തിൽ നിന്നും കരമനയാറിലേക്ക് ചാടി മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതോടെ പാലത്തിന് സുരക്ഷാ വേലി നിർമ്മിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാർ. പാലം പണിത് നാല് വർഷത്തിനിടെ 15ൽപ്പരം ആത്മഹത്യ ശ്രമങ്ങളാണ് ഇവിടെ നടന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയിലാണ് നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞത്. മരണപ്പെടുന്നവരിൽ കൂടുതലും 30 വയസിൽ താഴെയുള്ള വിവാഹിതരായ യുവതികളാണെന്നാണ് ആര്യനാട് പൊലീസ് പറയുന്നത്. ഇതിൽ അമ്മയും കുഞ്ഞും ഉൾപ്പടെ അഞ്ച് പേ‌ർ മരിക്കുകയും ചെയ്തു. ഇതിൽ മിക്കവരെയും നാട്ടുകാരാണ് രക്ഷപെടുത്തി ബന്ധപ്പെട്ടവരെ ഏൽപ്പിക്കുന്നത്. രണ്ട് വർഷം മുമ്പ് ഉഴമലയ്ക്കൽ മുമ്പാലസ്വദേശികളായ അമ്മയും മകളും ഇവിടെ നിന്നും ചാടി മരിച്ചു. ചക്രപാണി പുരംസ്വദേശിയായ വീട്ടമ്മയുടെ മൃതദേഹവും മഞ്ചംമൂലകടവിന് സമീപത്തായി കണ്ടെത്തിയിരുന്നു. ആര്യനാട് പൊലീസ് പട്രോളിംഗിനിടയിൽ അർദ്ധരാത്രിയിൽ പാലത്തിന്‌ സമീപത്തായി കണ്ട അമ്മയെയും മകളെയും ആത്മഹത്യയിൽ നിന്നും പിൻതിരിപ്പിച്ച് വീട്ടിലെത്തിച്ചു. അടുത്തിടെ ഉച്ചയ്ക്ക് ആറ്റിലേക്ക് ചാടിയ യുവതിയെ സമീപത്തുള്ള ലോഡിംഗ് തൊഴിലാളികൾ രക്ഷിച്ചു. ദിവസങ്ങൾക്ക് മുൻപ് ആര്യനാട് സ്വദേശിനിയായ 23കാരിയായ യുവതിയും ആര്യനാട് കോട്ടയ്ക്കകം സ്വദേശിയായ 52കാരനും ആത്മഹത്യ ചെയ്തത് അവസാന സംഭവങ്ങളാണ്. ആത്മഹത്യ പതിവായതോടെ പാലത്തിൽ സംരക്ഷണവേലി പണിയണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായിട്ടുണ്ട്.

പാലത്തിലൂടെയുള്ള കാൽനടയാത്രക്കാരുടെ കുറവും റോഡിൽ നിന്ന് നോക്കിയാൽ പെട്ടെന്ന് കാണാൻ കഴിയാത്തതുമാണ് കൂടുതൽ പേർ ആത്മഹത്യ ചെയ്യാനായി ഇവിടം തെരഞ്ഞെടുക്കുന്നത്. പാലത്തിൽ നിന്നും ചാടുന്നവരിൽ ഏറെ പേരുടെയും മൃതദേഹം വന്നടിയുന്നത് ഏലിയാവൂർ, മഞ്ചംമൂല, കൂവക്കുടി കടവുകളിലാണ്. ഈ പ്രദേശത്തുകാരും ഇപ്പോൾ ഭീതിയിലാണ് കഴിയുന്നത്. നേരത്തെ കരമനയാറിലെ കൂവക്കുടി പാലത്തിലായിരുന്നു ആത്മഹത്യാ മുനമ്പ്. അവിടെ സംരക്ഷണ വേലി നിർമ്മിച്ചതോടെ ആത്മഹത്യ നിലച്ചു. അതുപോലെ എലിയാവൂർ പാലത്തിലും സംരക്ഷണ വേലി നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.