strike

തിരുവനന്തപുരം: 2019 ജുലായ് മുതൽ ലഭിക്കേണ്ട ശമ്പള പരിഷ്‌ക്കരണം വൈകുന്ന സാഹചര്യത്തിൽ സംസ്ഥാന ജീവനക്കാർക്ക് ഇടക്കാലാശ്വാസം ഉടൻ അനുവദിക്കണമെന്ന് കേരള എൻ.ജി.ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ ആവശ്യപ്പെട്ടു. എൻ.ജി.ഒ. സംഘിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ജീവനക്കാർ നടത്തിയ കൂട്ടധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.എ. കുടിശ്ശിക ഉടൻ അനുവദിക്കുക, പെൻഷൻ പ്രായം 60 ആയി ഉയർത്തി ഏകീകരിക്കുക, താഴ്ന്ന വരുമാനക്കാരായ ജീവനക്കാർക്ക് 40 ശതമാനം പ്രൊമോഷൻ അനുവദിക്കുക എന്നീ ആവശ്യങ്ങളും ധർണ്ണയിൽ ഉന്നയിച്ചു.

തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് പ്രദീപ് പുള്ളിത്തല അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ആർ. ശ്രീകുമാരൻ, എസ്. സജീവ് കുമാർ, കെ.ജി.ഒ. സംഘ് സംസ്ഥാന പ്രസിഡന്റ് ബി. ജയപ്രകാശ് പെൻഷനേഴ്സ് സംഘ് ജില്ലാ സെക്രട്ടറി കെ.കെ. ശ്രീകുമാർ, പി.എൻ. രാജേഷ്, എസ്. വിനോദ് കുമാർ, പാക്കോട് ബിജു, ആർ. എസ്. രതീഷ് കുമാർ, ജി.ഡി. അജികുമാർ, ചിത്ര. എസ്. നായർ, കെ. അജിത് കുമാർ എന്നിവർ സംസാരിച്ചു.