കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് എം.എൽ.എമാരും എം.പിയും ഇന്ന് സമരത്തിനിറങ്ങും. കന്യാകുമാരി -കളിയിക്കാവിള ദേശീയപാതയിൽ അഞ്ചു സ്ഥലങ്ങളിലാണ് റോഡുപരോധമെന്ന് എം.എൽ.എ മാരായ രാജേഷ് കുമാർ, സുരേഷ് രാജൻ, ആസ്റ്റിൻ, മനോ തങ്കരാജ്‌, എം.പി വസന്തകുമാർ എന്നിവർ അറിയിച്ചു. ദേശീയപാതയും പ്രധാന റോഡുകളും തകർന്ന നിലയിലാണ്. യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. പരാതി നൽകിയിട്ടും നടപടി എടുക്കുന്നില്ല. അതിനാലാണ് സമരമെന്ന് ജനപ്രതിനിധികൾ അറിയിച്ചു.