കല്ലമ്പലം: ഉപജില്ലാ കലോത്സവത്തിൽ പങ്കെടുത്ത 9 ഇനങ്ങളിൽ ഒന്നൊഴികെ എല്ലാത്തിലും ഒന്നാം സ്ഥാനം നേടിയ കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അംനാ റഹിം മിന്നും താരമായി. 45 പോയിന്റാണ് സ്കൂളിനു വേണ്ടി അംനാറഹിം നേടിയത്. കഥാപ്രസംഗം, മാപ്പിളപ്പാട്ട്, ഉറുദു പദ്യപാരായണം, അറബിഗാനം, അറബി പദ്യംചൊല്ലൽ, ദേശഭക്തിഗാനം, ഉറുദു സംഘഗാനം, അറബി സംഘഗാനം എന്നിവയിൽ ഒന്നാം സ്ഥാനവും അറബിക്കഥ പറച്ചിലിൽ രണ്ടാം സ്ഥാനവും നേടിയാണ് അംന താരമായത്. ചാത്തമ്പറ ചപ്പാത്തിമുക്ക് അംനാകോട്ടേജിൽ റഹിമിന്റെയും സജിനയുടെയും മകളായ അംന മൂന്ന് റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. നിരവധി ആൽബങ്ങളിലും പാടി. അംനാ റഹിമിന്റെ നേതൃത്വത്തിൽ കൊച്ചു ഗായകരുടെ കരോക്കെ ഗാനമേളയും ട്രൂപ്പും സജീവമാണ്. കെ.ടി.സി.ടി സ്കൂളിലെ സംഗീതാദ്ധ്യാപികയായ സൽമാജവഹറാണ് അംനയുടെ ഗുരു. മികച്ച ഗായികയാകണമെന്നതാണ് അംനയുടെ ആഗ്രഹം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ അംനയെ അനുമോദിച്ചു.