വെള്ളറട: പഞ്ചായത്തിലെ ഏറ്റവും വലിയ കുളമായ ചിറത്തലയ്ക്കൽ കുളത്തിന്റെ നവീകരണം ആരംഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നവീകരണം പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്. രണ്ടേക്കറോളം വിസ്തീർണമുള്ള കുളത്തിൽ ടൂറിസം സാദ്ധ്യത കൂടി കണക്കിലെടുത്താണ് നവീകരിക്കാനും ഫെഡൽ ബോട്ട് സംവിധാനം ഏർപ്പെടുത്താനും ഗ്രാമപഞ്ചായത്ത് തീരുമാനിച്ചത്. അതിനായി കുളം നവീകരണത്തിന് 35 ലക്ഷം രൂപയും ബഡ്ജറ്റിൽ വകകൊള്ളിച്ചു. 27 ലക്ഷം രൂപ ടെൻഡർ കൊടുക്കുകയും നവീകരണം ആരംഭിക്കുകയും ചെയ്തു. എന്നാൽ കുളത്തിന്റെ മൂന്ന് വശങ്ങളിലും സൈഡ് വാളിനായി കല്ലടുക്കി പുറത്ത് കോൺഗ്രീറ്റ് ചെയ്ത് ഉറപ്പിക്കുകമാത്രമാണ് ഇതുവരെ ചെയ്തത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നവീകരണം തുടങ്ങിയത്. ഇതിന് ശേഷമാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുളം നവീകരിക്കാൻ പാടില്ലെന്ന നിർദ്ദേശം സർക്കാർ ഗ്രാമപഞ്ചായത്തിന് നൽകുന്നത്. പഞ്ചായത്ത് ഉദ്ദേശിക്കുന്ന രീതിയിൽ ടൂറിസം പദ്ധതി ഈ കുളത്തിൽ നടപ്പിലാക്കണമെങ്കിൽ ഇനിയും ലക്ഷകണക്കിന് രൂപ വേണ്ടിവരും. ടൂറിസം ഡിപ്പാർട്ട്മെന്റോ സർക്കാരോ കനിഞ്ഞില്ലെങ്കിൽ ചിറത്തലയ്ക്കൽ കുളം ഈ അവസ്ഥയിൽ തന്നെ തുടരും. കുളത്തിൽ വെള്ളം കെട്ടിനിറുത്തിയതുകാരണം കുളത്തിനുള്ളിൽ പായലും മറ്റും നിറഞ്ഞ അവസ്ഥയിലാണ്. ഇനിയും കൂടുതൽ ഫണ്ട് അനുവതിച്ചാൽ മാത്രമേ കുളത്തിന്റെ ബാക്കി പണികൾ ചെയ്യാൻ കഴിയൂ എന്നാണ് കരാറുകാരൻ പറയുന്നത്. ഫണ്ട് അനുവദിക്കാൻ പഞ്ചായത്ത് ടൂറിസം വകുപ്പുമായി ബന്ധപ്പെട്ടിട്ടുമുണ്ട്. പഞ്ചായത്ത് മറ്റേതെങ്കിലും ഫണ്ടിൽ ഉൾപ്പെടുത്തി കുളം പൂർണമായി നവീകരിക്കാനും പദ്ധതിയുണ്ട്. ഇപ്പോൾ മുടക്കിയ 27 ലക്ഷം രൂപ ഒരു പ്രയോജനവുമില്ലാതെ കിടക്കുകയാണ്. നിലവിൽ കരാറുകാർ ചെയ്ത പണികൾ പോലും പൂർത്തീകരിച്ചിട്ടില്ല.