തിരുവനന്തപുരം: വൻകിട നഗരങ്ങളുടെ ചുവടുപിടിച്ച് കേരളത്തിലും പബ് ബിയറിന് സാദ്ധ്യത തെളിയുന്നു. 'നാം മുന്നോട്ട്' എന്ന പ്രതിവാര സംവാദ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ടൂറിസം, ഐ.ടി മേഖലകൾക്ക് ഹരംപകരുന്ന പബ് ബിയറിനെക്കുറിച്ച് സൂചന നൽകിയത്.
മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നിസാൻ അടക്കമുള്ള വിദേശ കമ്പനികളുടെ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ കേരളത്തിൽ ബിയർ പബുകളുടെ സാദ്ധ്യത ആലോചിച്ചിരുന്നു. ബംഗളൂരുവിൽ ഐ.ടി മേഖലയിൽ ബിയർപബുകൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതിയുണ്ട്. മദ്രാസ്, മുംബയ് തുടങ്ങിയ നഗരങ്ങളിലും പബുകൾ വ്യാപകമാണ്.
ഇ.കെ.നായനാർ മന്ത്രിസഭയിൽ കെ.ആർ.ഗൗരിഅമ്മ എക്സൈസ് മന്ത്രിയായിരിക്കെ ബിയർ പബുകൾ തുടങ്ങാൻ തീരുമാനിച്ചെങ്കിലും പ്രതിപക്ഷത്തിന്റെ എതിർപ്പുമൂലം പിൻമാറി. പബുകൾക്ക് ലൈസൻസ് നൽകാൻ അബ്കാരി ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്. കെ.ടി.ഡി.സിക്കും ബിവറേജസ് കോർപറേഷനുമാണ് ഇതിന് അനുമതി ഉള്ളത്. കെ.ടി.ഡി.സി യുമായി സംയുക്തസംരംഭത്തിൽ ഏർപ്പെടുന്ന സ്ഥാപനങ്ങൾക്കും അർഹതയുണ്ട്. 50,000 രൂപയാണ് ലൈസൻസ് ഫീ.
മൈക്രോ ബ്രുവറി യൂണിറ്റുകൾ സ്ഥാപിക്കാൻ താത്പര്യം കാട്ടി ചില സ്റ്റാർ ഹോട്ടലുകൾ നേരത്തെ സർക്കാരിനെ സമീപിച്ചിരുന്നു. മുൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിംഗ് മറ്റു സംസ്ഥാനങ്ങളിലെ ചില യൂണിറ്റുകളുടെ പ്രവർത്തനം നേരിൽ കണ്ട് വിലയിരുത്തിയതുമാണ്.
പബ് ബിയർ
ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന ബിയറുകളെ അപേക്ഷിച്ച് പബുകളിലെ ബിയറിന് വീര്യം കുറവാണ്.
ലഹരി കൂടിയ മദ്യത്തിൽ നിന്നു വഴിതിരിച്ചുവിടാൻ കഴിയുമെന്നതും പബ് ബിയറിന്റെ പ്രത്യേകത. ബിയർ ഉത്പാദന ശാലകളിൽ നിന്ന് നേരിട്ട് പബുകളിൽ ബിയർ എത്തിക്കാനേ കഴിയൂ.
മൈക്രോ ബ്രുവറി
മൈക്രോ ബ്രുവറി യൂണിറ്റുകൾ സ്ഥാപിച്ചാൽ ആവശ്യാനുസരണം ബിയർ ഉത്പാദിപ്പിക്കാം
ഒരു മൈക്രോ യൂണിറ്റ് തുടങ്ങാൻ ചെലവ് രണ്ട് കോടി
മൈക്രോ യൂണിറ്റിന് മുടക്കുമുതലിന് ആനുപാതികമായി വേഗത്തിൽ ലാഭം കിട്ടില്ലെന്നതാണ് ന്യൂനത.
സാധാരണ ബിയറും പബ് ബിയറും
ഇപ്പോൾ ബിവറേജസ് കോർപറേഷൻ വിതരണം ചെയ്യുന്ന ബിയർ 'പാസ്ചറൈസേഷ'ന് (തിളപ്പിച്ചിട്ട് തണുപ്പിക്കുക) വിധേയമാവുന്നതാണ്. പബുകളിൽ കിട്ടുന്നത് 'ഡ്രോട്ട് ബിയറാ'ണ് (കുപ്പിയിൽ നിറയ്ക്കാത്തത് ). ഇത് പാസ്ചറൈസ് ചെയ്യുന്നില്ല.
ഉത്പാദന ശാലയിൽ നിന്ന് ഓക്ക് തടിയിൽ നിർമ്മിച്ച ബാരലുകളിലാണ് പബുകളിൽ എത്തിക്കുക. ബിയറിനൊപ്പം ഗ്യാസ് ചേർത്താണ് ആവശ്യക്കാർക്ക് നൽകുക. 48 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കാനാവില്ല.
സാധാരണ ബിയറിൽ ആൽക്കഹോളിന്റെ അളവ് ആറ് ശതമാനമാണ്. പബ് ബിയറിൽ ഇതിലും കുറവാകും. സാധാരണ ബിയറിൽ പ്രിസർവേറ്റീവായി (കേടാവാതിരിക്കാനുള്ള രാസവസ്തു) ഗ്ളിസറിനാണ് ചേർക്കുന്നത്. അധികമായി ഉപയോഗിച്ചാൽ രക്തത്തിലെ യൂറിക്ക് ആസിഡിന്റെ അളവ് കൂടാൻ ഇത് കാരണമാവും. പബ് ബിയറിൽ ഗ്ളിസറിൻ ഇല്ല.