തിരുവനന്തപുരം: പൂന്തുറ മുതൽ ശംഖുംമുഖം വരെയുള്ള പ്രദേശത്തെ കടൽക്ഷോഭംമൂലം നഷ്ടപ്പെട്ട തീരം വീണ്ടെടുക്കുന്നതിനായി ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. കടൽത്തീരം നഷ്ടപ്പെട്ടതുമൂലം പൂന്തുറ മുതൽ വേളി വരെയുള്ള തീരപ്രദേശത്തെ മൂവായിരത്തി അറുന്നൂറോളം കരമടിത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ അവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് വി.എസ്.ശിവകുമാർ നൽകിയ സബ്മിഷന് നിയമസഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.
പൂന്തുറ മുതൽ ശംഖുംമുഖം വരെയുള്ള പ്രദേശത്തെ കടൽക്ഷോഭംമൂലം നഷ്ടപ്പെട്ട തീരം വീണ്ടെടുക്കുന്നതിനായി കിഫ്ബി ധനസഹായത്തോടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷൻ ടെക്‌നോളജിയുടെ സാങ്കേതിക സഹായത്താൽ കേരള സംസ്ഥാന തീരദേശ വികസന കോർപറേഷൻ വഴി നടപ്പിലാക്കുന്ന ഓഫ് ഷോർ ബ്രേക്ക് വാട്ടർ നിർമ്മാണ പദ്ധതി പുരോഗമിച്ചുവരികയാണ്. പദ്ധതി പൂർത്തിയാകുന്നതോടെ ഈ പ്രദേശത്തെ കരമടി തൊഴിലാളികൾക്ക് തൊഴിൽ ചെയ്യുന്നതിന് അനുകൂല സാഹചര്യമുണ്ടാകും. ഇതുമൂലം നിലവിലുള്ള തീരപ്രദേശം സംരക്ഷിക്കപ്പെടുകയും പുതിയ കര രൂപപ്പെടുമെന്നുമാണ് വിദഗ്ദ്ധാഭിപ്രായമെന്ന് മന്ത്രി പറഞ്ഞു. പൂന്തുറ മുതൽ വേളി വരെയുള്ള പ്രദേശങ്ങളിലെ മത്സ്യഗ്രാമങ്ങളായ സെന്റ് ആൻഡ്രൂസ്, കൊച്ചുവേളി, വലിയതുറ, വേളി, വെട്ടുകാട്, ബീമാപള്ളി എന്നീ മത്സ്യഗ്രാമങ്ങളിലായി പത്ത് കരമടി വള്ളങ്ങളാണ് ഫിഷറീസ് വകുപ്പിൽ കരമടിവിഭാഗത്തിൽ രജിസ്റ്റർ ചെയ്ത് പ്രവൃത്തിയെടുക്കുന്നത്. ഒരു കരമടി യൂണിറ്റിൽ ശരാശരി നാൽപ്പത് തൊഴിലാളികൾ എന്ന കണക്കിൽ നാനൂറ് തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ഈ പ്രദേശങ്ങളിൽനിന്നു നിലവിൽ കരമടി തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ഫിഷറീസ് വകുപ്പിന്റെ ശ്രദ്ധയിലില്ലെന്നും, ഓഫ് ഷോർ ബ്രേക്ക്‌വാട്ടർ നിർമ്മാണത്തിലൂടെ നിലവിലുള്ള തീരദേശം സംരക്ഷിക്കപ്പെടുകയും പുതിയ കര രൂപപ്പെടുകയും ചെയ്യുമെന്നതിനാൽ കരമടി തൊഴിലാളികൾക്ക് ഏതെങ്കിലും പുനരധിവാസം ആവശ്യമായിവരുന്നില്ലെന്നും മന്ത്രി പറഞ്ഞു.