
പെരിങ്ങമ്മല : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഡോ.കമറുദീന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. പെരിങ്ങമ്മല പുത്തൻപള്ളിയിൽ നടന്ന സംസ്കാര ചടങ്ങിൽ ആദിവാസികളും സ്‌കൂൾ-കോളേജ് വിദ്യാർത്ഥികളുമടക്കം വൻജനാവലി നിറമിഴികളോടെയാണ് പ്രിയപ്പെട്ട അദ്ധ്യാപകന് വിട നല്കാനെത്തിയത്. ആരോഗ്യപ്പച്ചയെന്ന അത്യപൂർവ ഔഷധ സസ്യത്തിന്റെ പേറ്റന്റ് പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ നേടിയെടുത്തപ്പോൾ അതിന്റെ പങ്ക് സസ്യത്തെ കണ്ടെത്താൻ സഹായിച്ച ആദിവാസികൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കാൻ ഗാർഡനിലെ പഴയ ഗവേഷകൻ കൂടിയായ കമറുദീൻ നടത്തിയ ഇടപെടലുകളാണ് ഇദ്ദേഹത്തെ മുഖ്യധാരയിൽ എത്തിച്ചത്. വന്യജീവി ഫോട്ടോഗ്രാഫറായ സാലി പാലോടുമായി ചേർന്ന് പെരിങ്ങമ്മലയുടെ ജൈവവൈവിദ്ധ്യ രജിസ്റ്റർ തയ്യാറാക്കിയും ശ്രദ്ധേയനായി. ലോകത്ത് പെരിങ്ങമ്മലയിൽ മാത്രം അവശേഷിക്കുന്ന ശുദ്ധജല കാട്ടുജാതിക്കാ കണ്ടലുകളുടെയും പ്രദേശത്തെ സസ്യജന്തു വൈവിദ്ധ്യങ്ങളുടെയും പഠനം നടത്തി. ഐ.എം.എ യുടെ ആശുപത്രി മാലിന്യ സംസ്കരണ പദ്ധതിക്കും മാലിന്യത്തിൽ നിന്ന് വൈദ്യുതി പദ്ധതിക്കും എതിരെ ജനങ്ങളെ സംഘടിപ്പിച്ച് വാർത്തകളിൽ ഇടം നേടി. പദ്ധതിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കളക്‌ടറേറ്റിൽ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ മാലിന്യ സംസ്കരണ പദ്ധതി നടപ്പായാലുണ്ടാകുന്ന പാരിസ്ഥിതിക നാശം അക്കമിട്ടു നിരത്തുന്നതിനിടയിൽ അദ്ദേഹം പൊട്ടിക്കരഞ്ഞത് നാട്ടുകാരുടെ കരളലിയിക്കുന്ന ഓർമ്മയാണ്. ബൊട്ടാണിക്കൽ ഗാർഡനിൽ ഗവേഷകനായിരുന്ന ഡോ.കമറുദീൻ പിന്നീട് പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ അദ്ധ്യാപകനായി. കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിൽ സസ്യ ശാസ്ത്ര വിഭാഗം റീഡറായിരുന്നു. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. സ്വപ്രയത്നംകൊണ്ട് അക്കാഡമിക് മേഖലയിൽ മികച്ച നേട്ടം കൊയ്ത നാൽപ്പത്തിയെട്ടുകാരനായ പരിശ്രമശാലിയെ അകാലത്തിൽ നഷ്ടമായതിന്റെ വിങ്ങലിലാണ് പെരിങ്ങമ്മല നിവാസികൾ.