sabarimala-

തിരുവനന്തപുരം: സുപ്രീംകോടതി വിധിയിൽ വ്യക്തതക്കുറവ് വന്നതിനാൽ ഇത്തവണ മല ചവിട്ടാൻ വരുന്ന യുവതികൾക്ക് പൊലീസ് സംരക്ഷണം നൽകേണ്ടതില്ലെന്നും ശബരിമലയിലെ യുവതീപ്രവേശനത്തിന് സർക്കാർ കഴിഞ്ഞ തവണത്തെപ്പോലെ തിടുക്കപ്പെടേണ്ടതില്ലെന്നും സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഫലത്തിൽ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് പറയാൻ പരിമിതിയുള്ളതിനാൽ സുരക്ഷ ഉറപ്പാക്കാനില്ലെന്ന നിലപാടിലാണ് പാർട്ടി.

ശബരിമല ഹർജികൾ മാറ്റിവയ്ക്കുകയും വിശാല ബെഞ്ച് രൂപീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ കഴിഞ്ഞവർഷം സെപ്തംബറിലെ യുവതീപ്രവേശന വിധിയുടെ നിയമസാധുത എത്രത്തോളമെന്നതിൽ വ്യക്തത വേണ്ടതുണ്ടെന്ന് ഇന്നലെ ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. കഴിഞ്ഞ വർഷത്തെ വിധി സ്റ്റേ ചെയ്തിട്ടില്ല, എന്നാൽ പുതിയ വിധിയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നു. അതിനാൽ പ്രവേശനം തേടിയെത്തുന്ന യുവതികൾക്ക് സർക്കാർ ഇടപെട്ട് സംരക്ഷണം നൽകില്ല.

യുവതീപ്രവേശനത്തിന് സർക്കാരോ ഇടതുമുന്നണിയോ അല്ല കോടതിയെ സമീപിച്ചത്. ആ സ്ഥിതിക്ക് പ്രവേശനം ആഗ്രഹിക്കുന്ന യുവതികളുണ്ടെങ്കിൽ അവർക്ക് സ്വമേധയാ സുപ്രീംകോടതിയെ സമീപിച്ച് വ്യക്തത തേടി വരാം. സുപ്രീംകോടതിയിൽ നിന്ന് അവർ ഉത്തരവ് നേടി വരികയാണെങ്കിൽ മാത്രം പൊലീസ് സംരക്ഷണം ഉറപ്പാക്കിയാൽ മതി എന്നതാണ് നിലപാട്. ഇക്കാര്യത്തിൽ സർക്കാർ കോടതിയെ സമീപിക്കില്ല. അതേസമയം, ലിംഗസമത്വം വേണമെന്ന പാർട്ടി നിലപാടിലും കാഴ്ചപ്പാടിലും മാറ്റമില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം സി.പി.എമ്മിലുണ്ടായ മനംമാറ്റത്തിന്

സുപ്രീംകോടതിയുടെ പുതിയ വിധി തുണയായി മാറുന്നു എന്നതാണ് ശ്രദ്ധേയം. വിധി സർക്കാരിനും ഇടതുമുന്നണിക്കും ആശ്വാസമായി മാറി. വിധിയിൽ ഔദ്യോഗികനിലപാട് പക്ഷേ സി.പി.എം ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും തീരുമാനത്തിനൊപ്പം പാർട്ടി നിൽക്കുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

വിധിയിൽ കഴിഞ്ഞ ദിവസം തന്നെ സർക്കാർ നിയമോപദേശങ്ങൾ തേടിയിരുന്നു. അഡ്വക്കേറ്റ് ജനറലിന്റെയും നിയമസെക്രട്ടറിയുടെയും മുതിർന്ന അഭിഭാഷകൻ ജയദീപ് സിംഗിന്റെയും ഉപദേശപ്രകാരം ഈ വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ സ്വമേധയാ യുവതീപ്രവേശനത്തിന് നടപടിയെടുക്കേണ്ട ആവശ്യമില്ല എന്നാണ് അടിവരയിട്ട് പറയുന്നത്. തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ വിവാദങ്ങളിൽ കൈ പൊള്ളിക്കരുത്, മറ്റുള്ളവർക്ക് മുതലെടുക്കാനും രാഷ്ട്രീയ അഭ്യാസങ്ങൾ കാണിക്കാനുള്ള അരങ്ങൊരുക്കരുത് തുടങ്ങിയ ചിന്തകളാണ് സി.പി.എമ്മിനെ ഇത്തരം നിലപാടിലേക്ക് എത്തിച്ചത്.