മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ബഡ്‌സ് സ്‌കൂൾ വാഹനം അപകടത്തിൽപ്പെട്ട് ആറ് കുട്ടികൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10ഓടെ പോങ്ങുംമൂട് ആക്കോട് ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രാഹുൽ, ജീന, അഞ്ജലി, ജിഷ്ണു, ഷാജിദ്, ജയകുമാർ എന്നിവരെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു കുട്ടികളെ സമീപത്തെ ആശുപത്രികളിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ചീനിവിള അഞ്ചറവിളയിൽ സ്ഥിതിചെയ്യുന്ന സ്റ്റാർ ബഡ്സ് സ്‌പെഷ്യൽ സ്‌കൂളിലെ ടെമ്പോയാണ് അപകടത്തിലായത്. സ്‌കൂളിന് 50 മീറ്ററോളം അകലത്തുവച്ചാണ് സംഭവം. ബ്രേക്ക് തകരാറിലായതിനെ തുടർന്ന് വാഹനം നിയന്ത്രണം വിട്ട് മതിലിൽ ഇടിക്കുകയായിരുന്നു. 20 കുട്ടികൾ സംഭവസമയത്ത് ടെമ്പോയിലുണ്ടായിരുന്നു. കൊടും വളവിലെ ഓട മറികടന്ന ടെമ്പോ വേലി തകർത്താണ് മതിലിൽ ഇടിച്ചുനിന്നത്. അമിത വേഗതയിലായിരുന്ന ടെമ്പോയ്‌ക്ക് ഇരുപത് വർഷത്തോളം പഴക്കമുണ്ട്. കുട്ടികളുമായി പോകുന്ന വാഹനത്തിന്റെ പഴക്കവും അപകടസാദ്ധ്യതയും പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമയും ജനപ്രതിനിധികളും അപകടത്തിൽപ്പെട്ട കുട്ടികളെ സന്ദർശിച്ചു.