udf-udf-

തിരുവനന്തപുരം:പിണറായി സർക്കാരിന് വിശ്വാസികളോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ ശബരിമലയിൽ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് മുൻ എൽ.ഡി.എഫ് സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു.

അന്നത്തെ സത്യവാങ്മൂലം നിലനിറുത്തിയാൽ ഏഴംഗ വിശാല ബഞ്ചിലെ കേസിൽ തിരിച്ചടിയുണ്ടാവും . വിശ്വാസികളോട് കാട്ടുന്ന കടുത്ത വഞ്ചനയാവും അതെന്നും യു.ഡി.എഫ് നേതൃയോഗ തീരുമാനങ്ങൾ വിശദീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫിന്റെ നിലപാടിന് ലഭിച്ച അംഗീകാരമാണ് സുപ്രീംകോടതി വിധി.ആദ്യ വിധി പുനഃപരിശോധിക്കാൻ തീരുമാനിച്ചത് അത് പൂർണ്ണമല്ലെന്നതിന്റെ തെളിവാണ്.പുതിയ വിധിയെക്കുറിച്ച് മുഖ്യമന്ത്രി നടത്തിയ പ്രതികരണം വ്യക്തതയില്ലാത്തതാണ്.പൊലീസ് സഹായത്തോടെ ശബരിമലയിൽ യുവതികളെ എത്തിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാവും. .ശബരിമലയെ സംഘർഷ ഭൂമിയാക്കുന്നതിൽ ബി.ജെ.പിക്കും ഇടതുപക്ഷത്തിനും തുല്യ പങ്കാണുള്ളത്. യു.ഡി.എഫ് രാഷ്ട്രീയ നേട്ടത്തിന് ശബരിമലയെ ഉപയോഗിച്ചിട്ടില്ല.നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ യു.ഡി.എഫ് എം.എൽ.എമാർ അടുത്തയാഴ്ച ശബരിമല സന്ദർശിക്കും.

അയോദ്ധ്യയുമായി ബന്ധപ്പെട്ട കോടതി വിധി മാനിക്കുന്നു.പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് വിധിയിൽ പറയുന്നുണ്ട്. കുറ്റം ചെയ്തവരെ ശിക്ഷിക്കണം. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണ് കേരളം ഭരിക്കുന്നത്. ട്രഷറി കാലിയായിട്ടും ധൂർത്തിന് തെല്ലും കുറവില്ല. മുഖ്യമന്ത്രി വിദേശ യാത്ര നടത്തുന്നതിൽ തെറ്റില്ല. പക്ഷേ, എന്തു നേടിയെന്ന് വ്യക്തമാക്കണം.ഗൾഫ് രാജ്യങ്ങളിലും നെതർലന്റിലുമൊക്കെ പോയിട്ട് റീബിൽഡ് കേരളയ്ക്ക് എന്ത് സഹായമാണ് കിട്ടിയത്. കിഫ്ബിയിൽ അഴിമതിയും അനധികൃത നിയമനവും സ്വജനപക്ഷപാതവുമാണ്.. ട്രാൻസ്ഗ്രിഡ് പദ്ധതിയിലെ അഴിമതിയിൽ കേസെടുക്കാനാണ് ഗവർണറെ കണ്ടത്.ഗവർണറുടെ അനുമതി കിട്ടിയില്ലെങ്കിൽ മറ്റു നിയമവഴികളെക്കുറിച്ച് ആലോചിക്കും.

കേരളത്തിന് കൂടി പങ്കാളിത്തമുള്ള ബി.പി.സി.എൽ.സ്വകാര്യ വ്യക്തികൾക്ക് തീറെഴുതാനുള്ള നീക്കത്തിൽ യു.ഡി.എഫ് എം.പിമാർ പാർലമെന്റിൽ പ്രതിഷേധിക്കും.വാളയാർ കേസിൽ . മരണപ്പെട്ട കുട്ടികളുടെ വീട്ടിൽ പോകുന്നതിന് പകരം അവരെ ഇവിടെ കൊണ്ടു വന്ന് മുഖ്യമന്ത്റിയുടെ കാലുപിടിപ്പിച്ചത് ശരിയായില്ല. ഏഴുപേരെ മാവോയിസ്​റ്റുകളെന്ന പേരിൽ വെടിവച്ചു കൊന്നത് ഭരണകൂട ഭീകരതയാണ്. യു.എ.പി.എയിൽ സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പോലും സർക്കാർ തള്ളി. ചെന്നൈ ഐ.ഐ.ടിയിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ ശക്തമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.