cm

തിരുവനന്തപുരം : അഴിമതിക്കും ദുർഭരണത്തിനും എതിരായ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ പ്രതീകമാണ് ലോകായുക്തയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുരയ്ക്കാൻ മാത്രമറിയുന്നതും കടിക്കാനറിയാത്തതുമായ കാവൽ നായയാണ് ഓംബുഡ്‌സ് മാനെന്ന് പൊതുവിലൊരു വിലയിരുത്തലുണ്ട്. എന്നാൽ ആവശ്യമെങ്കിൽ കടിക്കാനുമുള്ള അധികാരവും കേരളത്തിലെ ലോകായുക്തയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു..

അയ്യങ്കാളി ഹാളിൽ നടന്ന ലോകായുക്ത ദിനാഘോഷ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു

മുഖ്യമന്ത്രി . കലുങ്ക് നിർമാണത്തിൽ മുതൽ പ്രതിരോധ കരാറിൽ വരെ അഴിമതിയും കമ്മീഷനും ആരോപിക്കപ്പെടുന്ന സാഹചര്യത്തിൽ നിലവിലെ നിയമത്തിന് മൂർച്ചയും കാർക്കശ്യവും വരുത്തിയാണ് ലോക്പാലും ലോകായുക്തയും സാധ്യമാക്കിയത്.ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ലോകായുക്ത ഇപ്പോഴുമില്ല. കേരളത്തിൽ 1998 നവംബർ 15ന് നിലവിൽ വന്ന ലോകായുക്തയ്ക്ക് നിരവധി ഫലപ്രദമായ ഇടപെടലുകൾ നടത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ചിലരെല്ലാം ഈ സംവിധാനത്തെ ദുരുപയോഗപ്പെടുത്താൻ ശ്രമിക്കുന്നത് തികഞ്ഞ ജാഗ്രതയോടെ പരിശോധിക്കണം. സാമൂഹ്യനീതിക്കായി പോരാടിയ അയ്യങ്കാളിയുടെ സ്മരണ പേറുന്ന ഹാളിലാണ് ചടങ്ങെന്ന പ്രത്യേകതയുമുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് സദാചാരത്തിന് മൂല്യച്യുതി സംഭവിച്ചതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത ലോക്പാൽ ചെയർപേഴ്‌സൺ ജസ്റ്റിസ് പിനാകിചന്ദ്ര ഘോഷ് പറഞ്ഞു. പണ്ട് ,കൂടെ പഠിക്കുന്ന കുട്ടിക്ക് തന്റെ നോട്ടുബുക്കുകൾ നൽകും. ഇന്ന് അങ്ങനെ നൽകുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമല്ല. ആ കുട്ടി തന്റെ മകനേക്കാൾ മാർക്ക് വാങ്ങിയാലോയെന്നാണ് ചിന്തയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉപലോകായുക്തമാരായ ജസ്റ്റിസ് എ.കെ. ബഷീർ, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ്, അഡ്വക്കേറ്റ് ജനറൽ സി. പി. സുധാകരപ്രസാദ്, ലോകായുക്ത സ്‌പെഷ്യൽ അറ്റോർണി . സി. ശ്രീധരൻ നായർ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. പി. ജയചന്ദ്രൻ, രജിസ്ട്രാർ ജി. അനിൽകുമാർ, കേരള ലോകായുക്ത അഡ്വക്കേറ്റ്‌സ് ഫോറം പ്രസിഡന്റ് ചെറുന്നിയൂർ പി. ശശിധരൻ നായർ എന്നിവർ സംസാരിച്ചു.