കോവളം: പനത്തുറയിൽ പതിനേഴുകാരനെ കുത്തിപ്പരിക്കേല്പിച്ച സംഭവത്തിൽ പ്രതി ഒളിവിൽ. പനത്തുറ പുതുവൽ വീട്ടിൽ ഷിജിയെ ആക്രമിച്ച വടക്കേ കൂനംതുരുത്തിൽ ഹരിയാണ് ഒളിവിൽപ്പോയത്. കഴിഞ്ഞദിവസം വൈകിട്ട് ആറോടെയാണ് സംഭവം. ഇരുവരും തമ്മിൽ ഏതാനും നാളുകൾക്ക് മുമ്പ് കൂനംതുരുത്തിൽവച്ച് വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പ്രദേശവാസികൾ ഓടിയെത്തി ഷിജിയെ പൂന്തുറ സി.എച്ച്.സിയിലെത്തിക്കുകയായിരുന്നു. ആഴത്തിൽ മുറിവേറ്റതിനാൽ ഷിജിക്ക് പത്തോളം തുന്നലുണ്ടെന്ന് ഡോക്ടർ അറിയിച്ചു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായി തിരുവല്ലം എസ്.ഐ സമ്പത്ത് പറഞ്ഞു.