# മായാങ്ക് അഗർവാളിന് ഇരട്ട സെഞ്ച്വറി (234)
# ഇൻഡോർ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 343 റൺസ് ലീഡ്
493/6
ഇൻഡോർ : ബംഗ്ളാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിൽ. ആദ്യ ദിനം ബംഗ്ളാദേശിനെ 150 റൺസിൽ ആൾ ഔട്ടാക്കിയ ഇന്ത്യ രണ്ടാം ദിനം കളിനിറുത്തുമ്പോൾ ഒന്നാം ഇന്നിംഗ്സിൽ 493/6 എന്ന നിലയിലാണ് 343 റൺസിന്റെ ലീഡാണ് ഇപ്പോഴുള്ളത്.
ഇന്നലെ 86/1 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്കുവേണ്ടി ഇരട്ട സെഞ്ച്വറി നേടിയ ഓപ്പണർ മായാങ്ക് അഗർവാൾ മിന്നിത്തിളങ്ങുകയായിരുന്നു. ചേതേശ്വർ പുജാര (54), അജിങ്ക്യ രഹാനെ (86), രവീന്ദ്ര ജഡേജ (60 നോട്ടൗട്ട്) എന്നിവർ മായാങ്കിന് മികച്ച പിന്തുണ നൽകി. നായകൻ വിരാട് കൊഹ്‌ലി ഡക്കായതൊഴിച്ചാൽ ഇന്നലെ ഇന്ത്യൻ ബാറ്റ്സ്‌മാൻമാരുടെ പടയോട്ടമായിരുന്നു. ഇൻഡോറിൽ 407 റൺസാണ് ഒറ്റ ദിവസം കൊണ്ട് ഇന്ത്യ അടിച്ചെടുത്തത്.
243
തന്റെ കരിയറിലെ രണ്ടാം ടെസ്റ്റ് ഇരട്ട സെഞ്ച്വറി നേടിയ മായാങ്ക് അഗർവാൾ കരിയർ ബെസ്റ്റ് സ്കോറും കുറിച്ചു.
330 പന്തുകൾ നേരിട്ട മായാങ്ക് 28 ഫോറുകളും എട്ട് സിക്സുകളും പറത്തിയാണ് 243 റൺസ് നേടിയത്.
മായാങ്കിന്റെ ടെസ്റ്റിലെ മൂന്നാം സെഞ്ച്വറിയാണിത്. ദക്ഷിണാഫ്രിക്കയ്ക്കെതിരയ വിശാഖപട്ടണത്ത് സെഞ്ച്വറിയും (215), പൂനെയിൽ സെഞ്ച്വറിയും (108) നേടിയിരുന്നു.
മെഹ്ദി ഹസനെ ലോംഗ് ഓണിലേക്ക് പടുകൂറ്റൻ സിക്സ് പറത്തിയാണ് മായാങ്ക് ഇരട്ട സെഞ്ച്വറി തികച്ചത്.
ഈ വർഷം ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് മായാങ്ക്. സ്റ്റീവൻ സ്മിത്താണ് മുന്നിൽ.
കരിയറിലെ രണ്ടാം ഡബിൾ സെഞ്ച്വറിയിലെത്താൻ സാക്ഷാൽ ഡോൺ ബ്രാഡ്മാനെക്കാൾ കുറച്ചു സമയമേ മായാങ്കിന് വേണ്ടിവന്നുള്ളൂ എന്നതും കൗതുകമായി.
പുജാര 54
72 പന്തുികൾ ഒൻപത് ബൗണ്ടറിയടക്കം 54 റൺസ് നേടിയ ചേതേശ്വർ പുജാര മായാങ്കിനൊപ്പം രണ്ടാം വിക്കറ്റിൽ 91 റൺസ് കൂട്ടിച്ചേർത്തു.
രഹാനെ 86
190 റൺസാണ് നാലാം വിക്കറ്റിൽ മായാങ്കും രഹാനെയും കൂട്ടിച്ചേർത്തത്. 172 പന്തുകൾ നേരിട്ട രഹാനെ ഒൻപത് ബൗണ്ടറികൾ പറത്തിയാണ് 86 റൺസിലെത്തിയത്.
ജഡേജ 60
76 പന്തുകളിൽ ആറ് ഫോറും രണ്ട് സിക്സും പറത്തിയ ജഡേജ അഞ്ചാംവിക്കറ്റിൽ 123 റൺസാണ് കൂട്ടിച്ചേർത്തത്. കളിനിറുത്തുമ്പോൾ ഉമേഷ് യാദവാണ് (25)ജഡേജയ്ക്കൊപ്പം ക്രീസിൽ.
കൊഹ്‌ലി (0), സാഹ (12)
എന്നിവർ മാത്രമാണ് ഇന്നലെ ഇന്ത്യൻ ബാറ്റിംഗിൽ നിരാശപ്പെടുത്തിയത്.
കൊഹ്‌ലിയെ നേരിട്ട രണ്ടാം പന്തിൽ അബു ജയേദ് എൽ.ബിയിൽ കുരുക്കുകയായിരുന്നു. 108 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജയേദ് മാത്രമാണ് ബംഗ്ളാ നിരയിൽ തിളങ്ങിയത്.
ബ്രാഡ്മാൻ തന്റെ രണ്ടാം ഡബിൾ സെഞ്ച്വറി നേടിയത് കരിയറിലെ 13-ാം ഇന്നിംഗ്സിൽ. മായാങ്ക് 12-ാം ഇന്നിംഗ്സിൽ അതേ സമയം മുൻ ഇന്ത്യ താരം വിനോദ് കാംബ്ളിക്ക് രണ്ടാം ഡബിളിലെത്താൻ വേണ്ടി വന്നത് അഞ്ച് ഇന്നിംഗ്സുകൾ മാത്രം.
8 സിക്സുകളായി മായാങ്ക് ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ഏറ്റവും കൂടുതൽ സിക്സടിച്ച സിദ്ധുവിന്റെ റെക്കാഡിനൊപ്പമെത്തി. മായാങ്കിന്റെ എല്ലാ സിക്സുകളും ഒഫ് സ്പിന്നർമാർക്കെതിരെയായിരുന്നു.
4 തുടർച്ചയായ നാലാം ടെസ്റ്റിലാണ് ഒരു ഇന്ത്യൻ ബാറ്റ്സ്‌മാനെങ്കിലും ഇരട്ട സെഞ്ച്വറി നേടുന്നത്.