vasu
photo

തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി എൻ. വാസുവും അംഗമായി കെ.എസ്. രവിയും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേ​റ്റു. ദേവസ്വംസഹകരണ മന്ത്റി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ബോർഡ് സെക്രട്ടറി എസ്. ജയശ്രീ സത്യവാചകം ചൊല്ലിക്കൊടുത്തു.

ശബരിമല സ്ത്രീപ്രവേശനത്തിന് സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതിന് മുഖ്യമന്ത്രി പിണറായിവിജയനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.കോടതി വിധി നടപ്പാക്കാനേ സർക്കാരിന് സാധിക്കൂ എന്ന് പ്രാഥമിക ധാരണയുള്ളവർക്ക് മനസിലാവും. എന്നാൽ വിശ്വാസി സമൂഹത്തിനിടയിൽ വലിയ തെറ്രിദ്ധാരണയാണ് ചിലർ ഉണ്ടാക്കിയത്.തിരുവിതാംകൂർ ദേവസ്വം ബോർഡിനെ അത് വലിയ പ്രതിസന്ധിയിലാക്കി.സംഘർഷഭരിതമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്.ബോർഡിന് സാമ്പത്തിക പ്രയാസമുണ്ടാക്കാനും നീക്കമുണ്ടായി.കാണിക്ക ഇടരുതെന്നാണ് ഇക്കൂട്ടർ പ്രചരിപ്പിച്ചത്.ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പോലും ഇത്തരം പ്രചാരണമുണ്ടായി. നിയമവ്യവസ്ഥ നിലനിൽക്കുന്ന രാജ്യത്ത് കോടതിവിധി മാനിക്കുകയാണ് പ്രധാനം.

സ്ത്രീപ്രവേശന വിഷയത്തിൽ അഭിപ്രായം പറയേണ്ടത് തങ്ങളല്ലെന്നും ഹിന്ദുധർമ്മത്തെക്കുറിച്ച് അറിയുന്ന പണ്ഡിതരടങ്ങുന്ന സമതിയെ നിയോഗിച്ച് തീരുമാനമെടുക്കണമെന്നുമാണ് സർക്കാർ പറഞ്ഞത്. ന്യായയുക്തമായ നിലപാടായിരുന്നു അതെന്നും കടകംപള്ളി പറഞ്ഞു.

പുതിയ പ്രസിഡന്റിനെയും അംഗത്തെയും പൊന്നാട ചാർത്തി മന്ത്രി ആദരിച്ചു.

ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിന്റെയും അംഗം കെ.പി. ശങ്കരദാസിന്റെയും ഭരണസമിതിയിലെ
ആർ.രാജേഷ് എം.എൽ.എ,ദേവസ്വം കമ്മീഷണർ എം. ഹർഷൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. എം. രാജഗോപാലൻ നായർ, സ്ഥാനമൊഴിയുന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, സ്ഥാനമൊഴിയുന്ന അംഗം കെ.പി. ശങ്കരദാസ്, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുൻ ദേവസ്വം അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.ദേവസ്വം ബോർഡ് അംഗം എൻ. വിജയകുമാർ സ്വാഗതം പറഞ്ഞു.