തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ കോന്നി, വട്ടിയൂർക്കാവ്, പാലാ മണ്ഡലങ്ങളിലെ തിരിച്ചടിക്ക് കാരണം കോൺഗ്രസിലെയും കേരള കോൺഗ്രസ്-എമ്മിലെയും തർക്കങ്ങളാണെന്ന് യു.ഡി.എഫ് യോഗത്തിൽ വിമർശനം. ഇത് മുന്നണിയുടെ കെട്ടുറപ്പിനെയും വിശ്വാസ്യതയെയും ബാധിക്കുന്നെന്ന പൊതുവികാരമാണ് ഇന്നലെ നെയ്യാർഡാം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന മുന്നണിയോഗത്തിലുയർന്നത്.
പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ വരാനിരിക്കുന്ന തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കനത്ത വില നൽകേണ്ടിവരുമെന്ന മുന്നറിയിപ്പ് മറ്റ് ഘടകകക്ഷി നേതാക്കൾ നൽകി. കോൺഗ്രസിലെ പ്രശ്നങ്ങൾ ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ നൽകിയ ഉറപ്പ്.
കോൺഗ്രസിൽ ഐക്യമുണ്ടെങ്കിൽ മറ്റ് കക്ഷികളിലുണ്ടാകുന്ന പ്രശ്നങ്ങൾ വിഷയമേയാകില്ലെന്ന് മുസ്ലിംലീഗ്, ജേക്കബ് ഗ്രൂപ്പ് നേതാക്കൾ ചൂണ്ടിക്കാട്ടി. കോൺഗ്രസിലെ തർക്കമാണ് സിറ്റിംഗ് സീറ്റുകളായ വട്ടിയൂർക്കാവും കോന്നിയും നഷ്ടപ്പെടുത്തിയത്. ജോസഫ്, ജോസ് കെ.മാണി വിഭാഗങ്ങളുടെ വിഴുപ്പലക്കലിനെതിരെ രൂക്ഷ വിമർശനമാണ് യോഗത്തിലുയർന്നത്. തർക്കം തീർക്കാൻ കോൺഗ്രസ് കർശന നിലപാട് സ്വീകരിക്കണം. ഒന്നുകിൽ രണ്ട് പാർട്ടികളായി നിൽക്കുക, അല്ലെങ്കിൽ പിണക്കം തീർത്ത് ഒരുമിക്കുക എന്നതിൽ ഉടൻ തീരുമാനം വേണമെന്ന് ഘടകകക്ഷി നേതാക്കൾ തീർത്തുപറഞ്ഞു.
പരസ്പരം പഴിചാരി ജോസഫും ജോസും
മുന്നണി ആവശ്യപ്പെട്ടത് പോലുള്ള സംയമനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെന്ന് ജോസ് കെ.മാണി വിശദീകരിച്ചു. അഞ്ച് ഉപതിരഞ്ഞെടുപ്പുകൾ വരെ കലഹമുണ്ടാക്കരുതെന്ന നിർദ്ദേശം താൻ പാലിച്ചപ്പോൾ മറുപക്ഷം പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. പാലായിൽ തങ്ങൾക്ക് സ്ഥാനാർത്ഥിയില്ലെന്നും ആർക്കും ചിഹ്നം നൽകരുതെന്നുമാവശ്യപ്പെട്ട് ജോസഫ് പക്ഷം കമ്മിഷനെ സമീപിച്ചെന്നും കുറ്റപ്പെടുത്തി.
എന്നാൽ, വിജയസാദ്ധ്യതയും സ്വീകാര്യതയുമുള്ളയാളെയല്ല പാലായിൽ മത്സരിപ്പിച്ചതെന്ന് പി.ജെ. ജോസഫ് പറഞ്ഞു. പാലായിൽ തങ്ങൾക്ക് രണ്ട് ആട്ടോറിക്ഷയിൽ കൊള്ളാവുന്ന ആളുകളേയുള്ളൂവെന്ന പരിഹസിക്കുകയായിരുന്നു മറുപക്ഷം. കൺവെൻഷനെത്തിയ തന്നെ കൂക്കിവിളിച്ചു. പാർട്ടിയുടെ ആക്ടിംഗ് ചെയർമാനായി അംഗീകരിച്ച് തനിക്ക് കത്ത് നൽകിയിരുന്നെങ്കിൽ ചിഹ്നം അനുവദിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.യോഗത്തിന് തൊട്ടുപിന്നാലെ കോൺഗ്രസ് നേതൃത്വം ഇരുകൂട്ടരുമായും വെവ്വേറെ ചർച്ച നടത്തി. പക്ഷേ വിട്ടുവീഴ്ചയ്ക്ക് ഇരുപക്ഷവും തയ്യാറായില്ല. തുടർന്ന് വിശദമായ ചർച്ചയ്ക്ക് തീരുമാനിച്ചു.