nalloorvattam-1

പാറശാല: ശിശുദിനത്തിലെ ഗൃഹപ്രവേശനത്തിന് വിഷ്ണുവിന്റെയും ആദിത്യന്റെയും കൂട്ടുകാർ നൽകിയത് 'ഭവനഗ്രന്ഥാലയം". പ്ലാമുട്ടുക്കട നല്ലൂർവട്ടം ഗവ. എൽ.പി. സ്‌കൂളിലെ വിദ്യാർത്ഥികളാണ് വിഷ്ണുവും ആദിത്യനും. ശിശുദിനത്തിലെ ഗൃഹപ്രവേശനത്തിന് ഇരുവർക്കും സമ്മാനമായി എന്തു നൽകണമെന്ന ആലോചനയ്ക്കൊടുവിലാണ്

'ഭവന ഗ്രന്ഥപ്പുര" എന്ന ആശയമുദിച്ചത്. സ്റ്റീൽ അലമാരയും അമ്പതിലേറെ പുസ്തകങ്ങളുമായി ശിശുദിന സായാഹ്നത്തിൽ പോരന്നൂരിലെ പി.ജെ. ഭവനിലെത്തി സമ്മാനം കൈമാറി. ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സർഗവായന സമ്പൂർണ വായന പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസുമുറികളിലും വായനശാല ഒരുങ്ങുന്നതിന് പിന്നാലെയാണ് കുട്ടികളുടെ വീടുകളിലും ഗ്രന്ഥശാലകൾ സ്ഥാപിക്കുന്നത്. ആർ. ഷൈനിയുടെയും പരേതനായ രാജേഷ് കുമാറിന്റെയും മക്കളാണ് വിഷ്ണുവിനും ആദിത്യനും. ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാർഡായ പോരന്നൂരിലാണ് സർക്കാർ ഭവന പദ്ധതി പ്രകാരം ഇവർക്കുള്ള വീട് ലഭിച്ചത്. പോരന്നൂരിലെ പി.ജെ. ഭവനിലാണ് പുസ്തക കൈമാറ്റ ചടങ്ങിൽ ബി.പി.ഒ എസ്. കൃഷ്ണകുമാർ, പ്ലാമുട്ടുക്കട സാംസ്കാരിക കൂട്ടായ്മ ചെയർമാൻ പി.എസ്. മേഘവർണൻ, വാർഡ് മെമ്പർ പ്രസൂൺ, ബി.ആർ.സി പരിശീലകരായ ആർ.എസ്. ബൈജുകുമാർ, എ.എസ്. മൻസൂർ, പ്രധാനാദ്ധ്യാപിക എൽ. ലയ, അദ്ധ്യാപകരായ എസ്. ഷീബ, സി.ആർ. നന്ദിനി, പുഷ്പം എന്നിവരും പങ്കെടുത്തു.