തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ശമ്പളം മുടങ്ങിയതോടെ സാമ്പത്തിക ഞെരുക്കത്തിലായ പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ വിനോദ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് മാനേജ്മെന്റിനു നേരെയും സർക്കാരിനെതിരെയും പ്രതിഷേധം രൂക്ഷമായി. വ്യാഴാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ച വിനോദ് ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ തൊഴിലാളികൾ നിയമസഭയിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.'കഴിഞ്ഞ മൂന്നര വർഷങ്ങൾക്കുള്ളിൽ 294 ജീവനക്കാരാണ് അകാല ചരമമടഞ്ഞതെന്നും ഇത്തരം ഭീതിജനകമായ അവസ്ഥയ്ക്ക് മോചനമുണ്ടാകാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും രാജേഷ് പറഞ്ഞു. എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ്, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എസ്. അജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.എൽ. ബിജുകുമാർ, സംസ്ഥാന സെക്രട്ടറി പ്രദീപ് വി. നായർ, ജില്ലാ പ്രസിഡന്റ് ആർ. പത്മകുമാർ എന്നിവർ സംസാരിച്ചു.

ശമ്പളം പൂർണമായും വിതരണം ചെയ്യാത്ത മാനേജ്‌മെന്റ് നടപടിക്കെതിരെ കെ.എസ്.ആർ.ടി എംപ്ലോയീസ് യൂണിയൻ നടത്തുന്ന നിരാഹര സമരം നാലാം ദിവസത്തിലേക്ക് കടന്നു. നിരാഹാരം അനുഷ്ഠിച്ചിരുന്ന ബിജുവിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിലേക്ക് മാറ്റി. പകരം നന്ദു സച്ചിന്ത് നിരാഹാര സമരം ആരംഭിച്ചു.