കഴക്കൂട്ടം: ശക്തമായ കാറ്റിൽ കരയ്ക്കടിഞ്ഞ കൂറ്റൻ മത്സ്യബന്ധന ഡ്രോളിംഗ് ബോട്ട് കടലിലിറക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ബോട്ട് പൊളിച്ച് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസം 21 ന് വെളുപ്പിനാണ് തിരുവനന്തപുരം മര്യനാട് തീരത്ത് തമിഴ്‌നാട് കന്യാകുമാരി ജില്ലയിലെ കുളച്ചൽ വാണിയക്കുടി സ്വദേശി വ്യാകപൂവിന്റെയും നിരവധി കുടുംബങ്ങളുടെയും ഏകജീവിത മാർഗമായ 'രക്ഷകൻ' എന്ന ബോട്ട് കരയിലേക്ക് ഇടിച്ചുകയറിയത്. 12 തൊഴിലാളികളുമായി കൊല്ലം നീണ്ടകര ഹാർബറിൽ മത്സ്യം വിറ്റ ശേഷം തമിഴ്‌നാട്ടിലേക്ക് പോകവെയാണ് നിയന്ത്റണം വിട്ട ബോട്ട് തീരത്തടിഞ്ഞത്. പിറ്റേന്ന് രാവിലെ മുതൽ ബോട്ട് കടലിലിറക്കാനുള്ള ശ്രമം ഒരാഴ്ചയോളം നീണ്ടെങ്കിലും പരാജയപ്പെടുകയായിരുന്നു. ശക്തമായ തിരയടിയിൽ ബോട്ടിന്റെ വീൽ ഹൗസ് പൂർണമായും തകരുകയും ബോട്ടിൽ വെള്ളം കയറി ബോട്ടിനകത്ത് മണലടിഞ്ഞതോടെ കടലിലിറക്കാനുള്ള ശ്രമം പാളി. ദിവസങ്ങൾ കഴിയുംതോറും ബോട്ട് കടൽക്കരയിൽ താഴ്ന്നുകൊണ്ടിരുന്നു. ഇതോടെയാണ് ബോട്ട് പൊളിച്ച് വില്ക്കാൻ ബോട്ടുടമ തീരുമാനിച്ചത്. മണൽ മാന്തി ഉപയോഗിച്ച് ബോട്ടിന് ചുറ്റുമുള്ള മണൽ നീക്കിക്കൊണ്ടാണ് ബോട്ട് പൊളിക്കാൻ ശ്രമിക്കുന്നത്. എന്നാൽ മണൽ മാറ്റുന്നത് അനുസരിച്ച് ബോട്ട് വീണ്ടും മണലിലേക്ക് താഴ്ന്നു പോകുന്ന അവസ്ഥയാണ്. ഇതിനെ അതിജീവിച്ച് ബോട്ട് പൊളിച്ച് മാറ്റാനുള്ള ശ്രമം തുടരുകയാണ്. ബോട്ട് തീരത്തടിഞ്ഞ ദിവസം മുതൽ ബന്ധപ്പെട്ട അധികാരികളെ വിവരങ്ങൾ അറിയിച്ചിട്ടും യാതൊരു പ്രതികരണവുമുണ്ടായിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.