പോത്തൻകോട്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മടവൂർപ്പാറ ഗുഹാ ക്ഷേത്രത്തിന്റെ ടൂറിസം സോണിലേക്കുള്ള റോഡിന് ശാപമോക്ഷമായി. മഹാദേവപുരം - കാട്ടായിക്കോണം - അരിയോട്ടുകോണം റോഡ് പുതുക്കിപ്പണിയുന്നതിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. മടവൂർപ്പാറയിലേക്കുള്ള സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചിട്ടും ടൂറിസം സോണിന് മുന്നിലൂടെ കടന്നുപോകുന്ന മഹാദേവപുരം - കാട്ടായിക്കോണം -അരിയോട്ടുകോണം റോഡ് പൊട്ടിപ്പൊളിഞ്ഞത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി നൽകിയ വാർത്ത മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ആറുകോടി രൂപ മുടക്കി ആധുനിക രീതിയിൽ ബി.എം ആൻഡ് ബി.സി പദ്ധതി പ്രകാരം റോഡ് നവീകരിക്കാൻ സർക്കാർ തീരുമാനിച്ചത്. 4.75 ഏക്കർ സ്ഥലം ഏറ്റെടുത്ത് ഏഴുകോടി രൂപ ചെലവിൽ മടവൂർപ്പാറയുടെ ടൂറിസം വികസന പദ്ധതികൾക്ക് ഇതിനോടൊപ്പം തന്നെ ഭരണാനുമതി നൽകിയതായി മന്ത്രി പറഞ്ഞു. മ്യൂസിക്കൽ ഫൗണ്ടൻ അടക്കമുള്ള നിരവധി പുതിയ പദ്ധതികൾ ഒരു വർഷത്തിനുള്ളിൽ മടവൂർപ്പാറയിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വാർഡ് കൗൺസിലർ സിന്ധുശശി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പോത്തൻകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. വേണുഗോപാലൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം എസ്. രാധാദേവി, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. നസീമ, പഞ്ചായത്ത് അംഗങ്ങളായ ടി. രാജീവ് കുമാർ, വി. ബിന്ദു, എൻ.വി. സരിത, കഴക്കൂട്ടം പഞ്ചായത്ത് മുൻ പ്രസിഡന്റ് കാട്ടായിക്കോണം അരവിന്ദൻ, ബി.എസ്. ഇന്ദ്രൻ, ആർ. ജയചന്ദ്രൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ പി.എസ്. രാജ്മോഹൻ തമ്പി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ ഡി.രമേശൻ സ്വാഗതവും ജയചന്ദ്രൻനായർ നന്ദിയും പറഞ്ഞു.