തിരുവനന്തപുരം : തമ്പാനൂർ കെ.എസ്.ആർ.ടി.സി ടെർമിനലിൽ നെയ്യാറ്റിൻകര, പൂവാർ ഭാഗത്തേക്കുള്ള ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ഇരിപ്പിടവും ബസ് ഷെൽട്ടറും എത്രയും വേഗം നിർമ്മിക്കണമെന്ന് കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർക്ക് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം നൽകി. പ്രശ്‌നം പരിഹരിക്കുന്നതിന് ഗതാഗത സെക്രട്ടറി അടിയന്തരമായി ഇടപെടണമെന്നും കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടറും തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയും വിഷയത്തിൽ സത്വര നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു.
ബസ് ടെർമിനലിനുള്ളിലെ ഗതാഗതക്കുരുക്കും പ്രായോഗിക ബുദ്ധിമുട്ടും കണക്കിലെടുത്താണ് നെയ്യാറ്റിൻകര ഭാഗത്തേക്കുള്ള സർവീസുകൾ ബസ് ടെർമിനലിന് പുറത്തേക്ക് മാറ്റിയതെന്ന് കെ.എസ്.ആർ.ടി.സി കമ്മിഷനെ അറിയിച്ചു. ടെർമിനൽ നിർമ്മിച്ചിരിക്കുന്നത് കെ.ടി.ഡി.എഫ്.സിയാണ്. ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തേണ്ടതും കെ.ടി.ഡി.എഫ്.സിയാണ്. എന്നാൽ ഇരിപ്പിടവും ബസ് ഷെൽട്ടറും നിർമ്മിക്കാത്തതിനെ കുറിച്ച് റിപ്പോർട്ടിൽ നിശബ്ദത പാലിച്ചു.
കെ.എസ്.ആർ.ടി.സി തങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറരുതെന്ന് കമ്മിഷൻ പറഞ്ഞു. ബസ് സ്റ്റാൻഡിനകത്ത് നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന സർവീസുകൾ പുറത്തേക്ക് മാറ്റിയത് കെ.ടി.ഡി.എഫ് സിയുടെ താത്പര്യപ്രകാരമല്ല. ഈ സാഹചര്യത്തിൽ കെ.ടി.ഡി.എഫ്.സിയെ കുറ്റം പറയുന്നത് ഔചിത്യമല്ല. ബാലിശമായ കാരണങ്ങൾ പറഞ്ഞ് കെ.എസ്.ആർ.ടി.സി ഒഴിഞ്ഞുമാറരുത്. ബസ് ഷെൽട്ടറും ഇരിപ്പിടവുമില്ലാത്ത സ്ഥലത്ത് ബസ് കാത്തു നിൽക്കുക എന്നത് യാത്രക്കാർ നേരിടുന്ന മനുഷ്യാവകാശ ലംഘനമാണ്- ഉത്തരവിൽ പറയുന്നു. മുടവൂർപ്പാറ സ്വദേശി ആർ. ബിനു നൽകിയ പരാതിയിലാണ് ഉത്തരവ്.