തിരുവനന്തപുരം: കിഫ്ബിയിൽ സമഗ്ര ആഡിറ്റിന് അനുമതിയില്ലെന്ന സർക്കാർ നിലപാടിനെ വിമർശിക്കുന്നവർക്കും ആഡിറ്റ് വേണമെന്ന് കത്തെഴുതിയ സി.ആൻഡ് എ.ജിക്കും മറുപടിയുമായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് ഫെയ്സ്ബുക്കിലെത്തി.
ബജറ്റിനു പുറത്തുള്ള വായ്പ എങ്ങനെ ബജറ്റിനുള്ളിൽ രേഖപ്പെടുത്തും. ആ കണക്കെഴുത്തുരീതി പഠിപ്പിച്ചുതന്നാൽ താൻ കടപ്പെട്ടിരിക്കുമെന്ന പരിഹാസത്തോടെയാണ് മറുപടി.
കിഫ്ബി അവലോകനം നടത്തി അംഗീകരിച്ചത് 4951 കോടി രൂപയുടെ 10 പദ്ധതികൾ മാത്രമാണ്. ഇതിൽ രണ്ട് പദ്ധതികളിലായി 47.8 കോടി രൂപയേ നൽകിയുള്ളൂ.എന്നാണ് എതിർവിഭാഗത്തിന്റെ വിമർശനം.ഇതിൽ എന്താണ് ഇത്ര അത്ഭുതപ്പെടാനും പനിക്കാനുമുള്ളതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മന്ത്രി ഐസക്ക് പറഞ്ഞു. പദ്ധതി പ്രഖ്യാപിച്ചാൽ അതിന്റെ ഡിപിആർ തയ്യാറാക്കാൻ ഒന്നോ രണ്ടോ വർഷമെടുക്കുന്നത് അത്ഭുതകരമാണോ? സമർപ്പിക്കപ്പെടുന്ന പ്രോജക്ടുകളെല്ലാം അതേപടി അംഗീകരിക്കലോ വേണ്ടത്? ഇതുവരെ 47 കോടി രൂപയേ നൽകിയിട്ടുള്ളൂവെന്നത് ശരിയാണ്.. പണി തീരാതെ പണം കൊടുക്കാൻ കഴിയമോ?സർക്കാർ ഗ്യാരണ്ടിയിൽ കിഫ്ബി വരുന്നതിനു മുമ്പ് ഏതാണ്ട് 12,000 കോടി രൂപയോളം വായ്പയെടുത്തിരുന്നു. പക്ഷെ, അവ എപ്പോഴെങ്കിവും സർക്കാരിന്റെ ധനകാര്യ കണക്കുകളിൽ രേഖപ്പെടുത്തിയിട്ടണ്ടോ? കേന്ദ്രസർക്കാരിന്റെ കണക്കുകളിൽ ആയാലും അർദ്ധസർക്കാർ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾ സർക്കാർ കണക്കിൽ ഉൾപ്പെടുത്തില്ല. അത് ആ സ്ഥാപനത്തിന്റെ വായ്പയായിട്ടാണ് പരിഗണിക്കുക. ബജറ്റിനു പുറത്തുള്ള വായ്പ എങ്ങനെ ബജറ്റിനുള്ളിൽ രേഖപ്പെടുത്തും? ആ കണക്ക് എഴുത്തുരീതി ആരെങ്കിലും എന്നെ പഠിപ്പിച്ചു തന്നാൽ അവരോട് ഞാൻ കടപ്പെട്ടിരിക്കും.ഐസക്ക് പറഞ്ഞു.