തിരുവനന്തപുരം: മരണമുഖത്തുനിന്നും അദ്ഭുതകരമായി തിരിച്ചുവന്ന കഥയാണ് ഇന്നലെ പാളയം ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സക്കെത്തിയ ആ ഏഴ് മത്സ്യത്തൊഴിലാളികൾക്കും പറയാനുണ്ടായിരുന്നത്. ആദ്യം മഹാ ചുഴലിക്കാറ്റിനെതുടർന്ന് ലക്ഷദ്വീപിലെ കല്പേനി ദ്വീപിലേക്ക് ബോട്ട് ഇടിച്ചുകയറി, പിന്നീട് കഷ്ടപ്പാടുകൾക്കൊടുവിൽ കേടുപാടുകൾ പറ്റിയ ബോട്ട് നാട്ടിൽ തിരികെയെത്തിക്കാനുള്ള മടക്കയാത്രയിൽ ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങി. പരിക്കുകളോടെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് ഇവർ പറയുന്നത്. എങ്കിലും അത്ഭുതമാത എന്ന ബോട്ട് കടലിൽ മറഞ്ഞതിന്റെ ദുഃഖമാണ് ഇവർക്ക്. അലക്‌സാണ്ടർ, സെൽവരാജ്, ശബരിയാർ, കണ്ണദാസൻ, മേരിയപ്പൻ, കുമാരരാജ, വാസു, മോസെ, ഗോവിന്ദൻ, മേരി വിൻസെന്റ് എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. 60 ലക്ഷം രൂപ വരുന്ന മത്സ്യബന്ധന ബോട്ടാണ് കാറ്റിലും തിരമാലയിലും തകർന്നത്. 4 മലയാളികളും 6 തമിഴ്‌നാട്ടുകാരുമുൾപ്പെട്ട പത്തംഗ തൊഴിലാളി സംഘം സുരക്ഷിതമായി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. മഹാ ചുഴലിക്കാറ്റിനെത്തുടർന്ന് ദ്വീപിൽ അഭയം തേടിയ 5 മത്സ്യബന്ധന ബോട്ടുകളിലൊന്നായിരുന്നു നീരോടി സ്വദേശി സെൽവരാജിന്റെ ഉടമസ്ഥതയിലുള്ള അത്ഭുതമാതാ. ഒക്ടോബർ 13ന് മുനമ്പത്തുനിന്നാണ് ഇവർ യാത്ര തിരിച്ചത്. കല്‌പേനി ദ്വീപിൽ നിന്നും ബോട്ട് തിരികെയെത്തിക്കാനായി ഇന്ധനം വിറ്റുവരെ പണം കണ്ടെത്തേണ്ടിവന്ന ഇവരെപ്പറ്റി വാർത്തകൾ വന്നിരുന്നു. റമദാൻ എന്ന ബോട്ടുമായി ബന്ധിപ്പിച്ചാണ് അത്ഭുതമാത തിരികെകൊണ്ടുവരാൻ ശ്രമിച്ചതെങ്കിലും ശക്തമായ കാറ്റിലും തിരയിലും പെട്ട് ബോട്ട് രണ്ടായിപിളർന്ന് മുങ്ങുകയായിരുന്നു. ഇതോടെ ബോട്ടിലുണ്ടായിരുന്നവർ കടലിൽ ചാടി ഒപ്പമുണ്ടായിരുന്ന ബോട്ടിൽ കയറി. ചികിത്സ തേടിയ മത്സ്യത്തൊഴിലാളികൾ ആശുപത്രി വിട്ടു.