nose-teetgh

ബീജിംഗ് : മൂക്കിൽ പല്ലു പൊടിച്ചെന്ന് തമാശയ്ക്കു പറയാറുണ്ട്. എന്നാൽ ചൈനക്കാരനായ ഷാങ് ബിൻ ഷെംഗ് എന്ന മുപ്പതുകാരന്റെ കാര്യത്തിൽ ഇത് തമാശയല്ല. ഇരുപതു വർഷമാണ് ഷാങിന്റെ മൂക്കിൽ പല്ല് സുന്ദരനായി വളർന്നുനിന്നത്.

നിരന്തരമായ മൂക്കടപ്പും മൂക്കിൽ നിന്ന് അഴുകിയ തരത്തിലുള്ള ഗന്ധം ഇടയ്ക്കിടെ പുറത്തുവരുന്നു എന്ന പരാതിയുമായാണ് ഷാങ് ആശുപത്രിയിലെത്തിയത്. പുറമേയുള്ള പരിശോധനയിൽ പ്രശ്നങ്ങളൊന്നും തോന്നിയില്ല. എന്നാൽ എക്സ്‌‌റേ പരിശോധനയിൽ മൂക്കിനകത്തെ അസാധാരണമായ വളർച്ച ശ്രദ്ധയിൽപ്പെട്ടു.

ഈ വളർച്ച എന്താണെന്നറിഞ്ഞപ്പോഴാണ് ഡോക്ടർമാർക്കൊപ്പം ഷാങും ഞെട്ടിയത്. ഒരു സെന്റിമീറ്ററോളം നീളമുള്ള പല്ല്. ഒരു മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയ്ക്കുശേഷം പൂർണ ആരോഗ്യത്തോടെയുള്ള പല്ല് ഡോക്ടർമാർ പറിച്ചെടുത്തു. ഷാങിന്റെ വായിലെ ചില പല്ലുകൾക്ക് കേടുപാടുകളുണ്ടായിരുന്നെങ്കിലും മൂക്കിലെ പല്ലിന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് അല്പം നിറ വ്യത്യാസം മാത്രം. പല്ലു പറിച്ചതോടെ മൂക്കടപ്പും അഴുകിയ നാറ്റവുമൊക്കെ പമ്പ കടന്നു.

പല്ല് എങ്ങനെ മൂക്കിൽ പൊടിച്ചു എന്നതിന് ഒരു വ്യക്തതയും ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പത്തു വയസുള്ളപ്പോൾ ഒരു പല്ല് നഷ്ടമായത് ഷാങ് ഓർക്കുന്നു. ഇളകിപ്പോകാത്ത ആ പല്ല് എങ്ങോട്ടു പോയി എന്ന് ഒരു പിടിയും കിട്ടിയില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ഇതിനെക്കുറിച്ച് മറന്നു. ഈ പല്ലായിരിക്കാം മൂക്കിനുള്ളിൽ വളർന്നതെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഡോക്ടർമാർ ഇത് ഉറപ്പാക്കുന്നില്ല.