miryana-kika-malo-sevich

മോസ്കോ : നിങ്ങളുടെ കൈയും തലയും അദൃശ്യമാക്കണോ. അതുമല്ലെങ്കിൽ കയറിൽ കുരുക്കിടും പോലെ വയറിൽ കുരുക്കിടണോ? സെർബിയക്കാരിയായ മിര്യാന കിക് മെലോ സെവിച്ചിനെ സമീപിച്ചാൽ മതി. ഇതല്ല ഇതിലപ്പുറവും അവർ നടത്തിത്തരും. മാജിക്കുകാരിയാണ് മിര്യാന എന്നു കരുതിയെങ്കിൽ തെറ്റി. ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് കക്ഷി. സ്വയം വിശേഷിപ്പിക്കുന്നത് സ്കിൻ ഇല്യൂഷനിസ്റ്റ്.

ബോഡി പെയിന്റിംഗിലൂടെയും മേക്കപ്പിലൂടെയുമാണ് മിര്യാന മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം സാദ്ധ്യമാക്കുന്നത്. വയറ്റിൽ കമ്പി കടത്തുന്നതും കഴുത്തും കൈയും അപ്രത്യക്ഷയാകുന്നതുമാണ് മിര്യാനയുടെ മാസ്റ്റർ പീസുകൾ. വയറ്റിൽ കെട്ടിടുന്നതിനും ആവശ്യക്കാർ ഏറിവരുന്നുണ്ട്. കനത്ത പേഴ്സിനൊപ്പം അസാധാരണമായ ക്ഷമയും ഉള്ളവർ തന്റെ മുന്നിൽ വന്നിട്ടേ കാര്യമുള്ളൂ എന്നാണ് മിര്യാന പറയുന്നത്. രൂപമാറ്റം വരുത്താനുള്ള മേക്കപ്പിന് കുറഞ്ഞത് എട്ടുമണിക്കൂറെങ്കിലും എടുക്കും. ഈ സമയം വെള്ളം പോലും കുടിക്കാനാകില്ല. ശരീരത്തിൽ നൂൽബന്ധമില്ലാതെ മിര്യാനയുടെ മുന്നിൽ കിടന്നുകൊടുക്കുകയും വേണം.

ചെറുപ്രായത്തിൽ തന്നെ നന്നായി ചിത്രം വരയ്ക്കുമായിരുന്ന മിര്യാന പതിനൊന്നു വയസുള്ളപ്പോഴാണ് ബോഡി പെയിന്റിംഗിലേക്ക് കടന്നുവന്നത്. വളരെ വേഗം പ്രശസ്തയായി. 2015ൽ സെർബിയൻ ഫന്റാസ്റ്റിക് ഫിലിം സ്പെഷ്യൽ ഇഫക്ട്സ് അവാർഡും മിര്യാനയ്ക്കായിരുന്നു. ശരിക്കും ആസ്വദിച്ചാണ് താനീ പണി ചെയ്യുന്നതെന്നാണ് മിര്യാന പറയുന്നത്.

''ബോഡി പെയിന്റിംഗ് ഇല്യൂഷനോട് പറഞ്ഞറിയിക്കാനാവാത്ത ഇഷ്ടമാണ്. ഒരാളെ മറ്റൊരാളാക്കി മാറ്റുന്നതുതന്നെയാണ് കാരണം. അത്ര എളുപ്പമുള്ള പണിയല്ലിത്. അതിനാൽ ചെയ്തു കഴിയുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് ഉണ്ടാവുന്നത്രെ - മിര്യാന പറയുന്നു.

മിര്യാന കിക സ്റ്റുഡിയോ എന്ന പേരിൽ ഒരു യു ട്യൂബ് നടത്തുന്നുണ്ട്. ബോഡി പെയിന്റിംഗ് ഇല്യൂഷനെക്കുറിച്ചാണ് അതിൽ പറയുന്നത്. 5,57,000 സബ്സ്ക്രൈബേഴ്സ് ഇപ്പോൾ ഇതിലുള്ളത്. താത്‌പര്യമുള്ളവർക്ക് ബോഡിപെയിന്റിംഗ് ടെക്നിക്കുകൾ പറഞ്ഞുകൊടുക്കാനും മിര്യാന റെഡിയാണ്.