smuggling

ബ്യൂണസ് അയേഴ്സ്: ഗർഭിണിയായി അഭിനയിച്ച് കഞ്ചാവു കടത്താൻ ശ്രമിച്ച യുവതിയെയും കൂട്ടാളിയായ യുവാവിനെയും പൊലീസ് അറസ്റ്റു ചെയ്തു. അർജന്റീനയിലാണ് സംഭവം. ട്രെയിനിൽ പൊലീസ് പരിശോധന നടത്തുന്നതിനിടെ യുവാവ് പരുങ്ങിയതാണ് കള്ളി വെളിച്ചത്തായത്.

ഭാര്യാഭർത്താക്കന്മാർ എന്ന വ്യാജേനയാണ് ഇരുവരും അടുത്തടുത്ത സീറ്റുകളിലിരുന്നത്. യുവതി പൂർണ ഗർഭിണി. വലിയ വയറും താങ്ങിപ്പിടിച്ചു നടക്കുന്നത് കണ്ട് അലിവു തോന്നിയ സഹയാത്രികരാണ് അടുത്തടുത്ത സീറ്റുകൾ ഒപ്പിച്ചുകൊടുത്തത്. പൊലീസിനെ കണ്ടതോടെ യുവാവിന്റെ മുഖത്ത് ചെറിയ ഭാവമാറ്റങ്ങൾ കണ്ടുതുടങ്ങി. ഒപ്പം കൈയിലുള്ള കറുത്ത സഞ്ചി ശരീരത്തോട് ചേർത്തുപിടിക്കുകയും ചെയ്തു.

വശപ്പിശകു മണത്ത പൊലീസ് ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ ഉള്ളിൽ ഉഗ്രൻ കഞ്ചാവ്. അതോടെ യുവാവിനെ കസ്റ്റഡിയിലെടുത്തു. അപ്പോഴാണ് ഒപ്പമുള്ള ഗർഭിണിയെ ശ്രദ്ധിച്ചത്. അവരോടും ട്രെയിനിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. വളരെ ബഹുമാനത്തോടെയാണ് യുവതിയോട് പൊലീസുകാർ പെരുമാറിയത്. വനിതാ പോലീസ് വസ്ത്രം മാറ്റി യുവതിയുടെ വയറ് പരിശോധിച്ചെങ്കിലും പ്രശ്നങ്ങളൊന്നും തോന്നിയില്ല. എന്നാൽ അവരെ ചോദ്യം ചെയ്തതോടെ കഥ മാറി.

യുവതിയുടെ ഗർഭത്തിന് കാരണം കഞ്ചാവായിരുന്നു. നാലു കിലോയോളം കഞ്ചാവ് അർദ്ധവൃത്താകൃതിയിലുള്ള ഒരു പെട്ടിയിലാക്കിയശേഷം വയറിൽ കെട്ടി വയ്ക്കുകയായിരുന്നു തുടർന്ന് ഒരു പ്രത്യേക തരം പേസ്റ്റ് ഇതിനു മുകളിൽ പുരട്ടും. അല്പം കഴിയുന്നതോടെ ഈ പേസ്റ്റ് തൊലിയുടെ അതേ നിറത്തിലും സ്വഭാവത്തിലും ആയി മാറും. വയറ്റിൽ മാത്രമല്ല നിതംബങ്ങളിലും സ്തനങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനും ഈ രീതി ഉപയോഗിക്കുന്നുണ്ട്. ശരീരഭാഗങ്ങളുടെ അസാധാരണ വലിപ്പമാണ് പലപ്പോഴും പൊലീസിന് സംശയത്തിന് ഇടനൽകുന്നത്.