ദേവസ്വം വകുപ്പിനെ ഭരിച്ചാൽ ഏത് കടകംപള്ളി സഖാവും ഗുരുസ്വാമിയാവുമെന്നത് നൂറ്രുക്കു നൂറുതരമാണ്. കടകംപള്ളിസ്വാമിക്ക് അതുകൊണ്ട് ഇപ്പോൾ ഏതുനേരത്തും അയ്യപ്പാ, ശരണം എന്ന് മാത്രമാണ് ചിന്ത. ആർക്കെങ്കിലും എന്തെങ്കിലും വേണ്ടാതീനം തോന്നിയാൽ അത്തരക്കാർക്കായി അയ്യപ്പനോട് പ്രാർത്ഥിക്കാം എന്നാണ് ഈയിടെയായി കടകംപള്ളി സ്വാമി പറയാറ്. ഉദാഹരണത്തിന്, നേമം വഴി വിരിഞ്ഞ താമരയായ രാജഗോപാൽജി നിയമസഭയിൽ അതുമിതുമൊക്കെ പറഞ്ഞപ്പോൾ രാജഗോപാൽജിക്ക് സദ്ബുദ്ധി തോന്നാൻ വേണ്ടി കടകംപള്ളിസ്വാമി അയ്യപ്പനോട് പ്രാർത്ഥിക്കുകയുണ്ടായി.
കടകംപള്ളിസ്വാമിയുടെ പോക്ക് കണ്ടിട്ട് ഒരുവേള പിണറായി സഖാവ് ഇങ്ങനെയൊരു ചോദ്യം ചോദിച്ചതായി കിംവദന്തികളുണ്ട്: 'ദൈവഭക്തിയൊക്കെ നല്ല കാര്യമല്ല എന്നൊന്നും ആരും പറയുന്നില്ല. പക്ഷേ ഇതുപോലെ ഇരുപത്തിനാല് മണിക്കൂറും ഭക്തിയും കൊണ്ട് നടക്കേണ്ട കാര്യമെന്താണ് ?'
അപ്പോൾ കടകംപള്ളിസ്വാമിയിൽ നിന്ന് പൊടുന്നനവേ ഉണ്ടായ പ്രതികരണം പിണറായി സഖാവിനെയും ഇരുത്തി ചിന്തിപ്പിക്കുന്നതായി. ഞാനൊരു പാർട്ട്ടൈം ഭക്തനായാൽ മതിയെന്നാണോ സഖാവേ എന്നാണ് കടകംപള്ളി സ്വാമി ചോദിച്ചത്. അതുകേട്ടതോടെ ചിന്താക്കുഴപ്പത്തിലായ പിണറായി സഖാവ് പോലും നവോത്ഥാനമുപേക്ഷിച്ച് 'സ്വാമി ശരണം' വിളിച്ച് കാട്ടിൽ അയ്യപ്പനെ കാണാൻ പോയാലോ എന്ന് കടന്നു ചിന്തിച്ചുവെന്നാണ് പറയുന്നത്. പിണറായി സഖാവിനെ അറിയുന്നവരാരും അത് വിശ്വസിക്കാത്തത് കൊണ്ടുമാത്രം ദ്രോണരും അത് വിശ്വസിച്ചിട്ടില്ല.
അങ്ങനെയുള്ള കടകംപള്ളിസ്വാമിയുടെ ഭക്തിക്കും പിണറായി സഖാവിന്റെ വിഭക്തിക്കും നടുവിലേക്കാണ് സുപ്രീംകോടതിയുടെ നെയ്‌ത്തേങ്ങ വന്നുപതിച്ചതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ശബരിമലയിൽ പത്ത് വയസിനും അമ്പത് വയസിനുമിടയ്‌ക്ക് പ്രായമുള്ള പെണ്ണുങ്ങൾ കയറണോ വേണ്ടയോ എന്ന ചോദ്യത്തിന് കഴിഞ്ഞവർഷം ഭരണഘടനയും മറ്റും എടുത്തുകാട്ടി സുപ്രീംകോടതി ഉത്തരം നൽകിയിരുന്നു. ഒരുമാതിരിപ്പെട്ടവർക്കെല്ലാം അത് ബോദ്ധ്യമായിരുന്നതുമാണ്.
എന്നാലിപ്പോൾ സുപ്രീംകോടതി ചിലതെല്ലാം പറഞ്ഞിരിക്കുന്നു. അത് കടകംപള്ളി സ്വാമി അയ്യപ്പനോട് പ്രാർത്ഥിച്ചതിന്റെ ഫലമാണോ എന്ന് ചോദിച്ചാൽ അതെയെന്നും അല്ലെന്നും പറയുന്നവരുണ്ട്. പിണറായി സഖാവ് നേരിട്ട് പ്രാർത്ഥിക്കാത്തത് കൊണ്ട് കടകംപള്ളി സഖാവ് പിണറായി സഖാവിന് വേണ്ടിക്കൂടിയും പ്രാർത്ഥിച്ചതിന്റെ ഫലം സുപ്രീംകോടതിയിൽ ചില ചലനങ്ങളുണ്ടാക്കിയതാണെന്ന വിലയിരുത്തലുകളുമുണ്ട്. പാർട്ട്ടൈം ഭക്തിയോ ഫുൾടൈം ഭക്തിയോ കൊണ്ടുനടക്കുന്ന പ്രകൃതം പിണറായി സഖാവിനില്ല. നവോത്ഥാനമാണ് സഖാവിന് ഏറെ പഥ്യം. അത് ഫുൾടൈം ആണ്. പാർട്ട്ടൈം അവിടെയില്ല. അതുകൊണ്ടുതന്നെ പ്രാർത്ഥിക്കാനുള്ള ദൗത്യം കടകംപള്ളി സഖാവ് സ്വയം ഏറ്റെടുക്കുകയായിരുന്നു.
സഖാവ് കടകംപള്ളി സ്വാമി ഇച്ഛിച്ചതും സുപ്രീംകോടതി കല്പിച്ചതും ഒന്നായി എന്നത് പ്രാർത്ഥനയുടെ ശക്തിയാണ് പ്രകടമാക്കുന്നത്. പിണറായി സഖാവ് ഇച്ഛിച്ചതും സുപ്രീംകോടതി കല്പിച്ചതും ഇതുതന്നെയെന്ന് പറയുന്ന കൂട്ടരും ഇല്ലാതില്ല.
പെണ്ണുങ്ങൾക്ക് മല കയറാമോ എന്ന് ചോദിച്ചാൽ കയറാം, കേറിക്കൂടേ എന്ന് ചോദിച്ചാൽ കേറിക്കൂട എന്ന പരുവത്തിലാണ് ഇപ്പോൾ കാര്യങ്ങൾ. അതുകൊണ്ട് പെണ്ണുങ്ങൾ വെറുതെ വന്ന് കയറി അലമ്പുണ്ടാക്കേണ്ടെന്ന് കടകംപള്ളി സ്വാമി നേരേ ചൊവ്വേ അങ്ങ് പറഞ്ഞുവെന്ന് മാത്രം. നവോത്ഥാനത്തിന്റെ ഹാങോവർ നിൽക്കുന്നതിനാൽ പിണറായി സഖാവ് അത് നേരേ ചൊവ്വേ പറഞ്ഞിട്ടില്ല. നവോത്ഥാനം വായിലിട്ടു കഴിഞ്ഞാൽ അങ്ങനെയുണ്ട്. കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ. അതൊരു സന്ദിഗ്ധാവസ്ഥയാണ്. ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പ് മാത്രമല്ലല്ലോ ഈയുലകത്തിൽ സംഭവിക്കാനുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പൊക്കെ വരാനിരിക്കുന്നതേയുള്ളൂ. നവകേരളനിർമ്മാണത്തിന് ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഖാവിന് സഞ്ചരിക്കേണ്ടിവരും. അത് ഈ നവകേരളത്തിന് വേണ്ടി മാത്രമാണ്. തെറ്റിദ്ധാരണയൊന്നും വേണ്ട. അതുകൊണ്ട് സുപ്രീംകോടതി പറഞ്ഞത് സൗകര്യപ്രദമാക്കിയെടുക്കുക. എന്തേ?
നമ്മുടെ ഐസക് സഖാവിന്റെ സ്വന്തം കിഫ്ബിയുടെ അംഗീകാരത്തിനായി എത്തിയ വൻകിട പദ്ധതികളുടെ കൂട്ടത്തിൽ വെള്ളയമ്പലത്തിനടുത്തെ ഇന്ദിരാഭവനിൽ നിന്നുള്ള ഒന്ന് കൂടി വന്നിട്ടുണ്ടെന്ന് ശ്രുതിയുണ്ട്. അതൊരു കെട്ടിടം പണിയുമായി ബന്ധപ്പെട്ടാണെന്നാണ് ചോമ്പാല ഗാന്ധി മുല്ലപ്പള്ളിജിയോടടുത്ത വൃത്തങ്ങൾ അടക്കം പറയുന്നത്. മുല്ലപ്പള്ളി ഗാന്ധിയും ചെന്നിത്തലഗാന്ധിയും ഓ.സി ഗാന്ധിയും ചേർന്ന് അവിടെയൊരു ജഗജംബോ കമ്മിറ്റി ഉണ്ടാക്കാൻ പോവുകയാണെന്നും കെ.പി.സി.സിയുടെ ബാനറിലുള്ള ഈ ജഗജംബോ കമ്മിറ്റി വന്നാൽപിന്നെ മീറ്റിംഗ് വിളിക്കാൻ അവിടെ സ്ഥലമില്ലാതെ പോകുമെന്നും അതിനാൽ കിഫ്ബിയിൽ പെടുത്തി പ്രത്യേകം ബഹുനിലമന്ദിരം കെട്ടിക്കൊടുക്കണമെന്നുമാണ് അപേക്ഷ.
കെ.പി.സി.സിക്ക് ജംബോകമ്മിറ്റി വേണ്ടാ എന്ന് പറഞ്ഞ് തുടങ്ങിയ ചർച്ച ഏതാണ്ട് ഒരു കൊല്ലം തികയ്ക്കാനായ നേരത്ത് ജംബോയല്ല, ജഗജംബോ കമ്മിറ്റി തന്നെയായി മാറുന്നതായാണ് പുറത്തുലഭിക്കുന്ന വിവരം. ചോമ്പാലഗാന്ധിയും ഉദ്ദേശിച്ചത് ഇതുതന്നെയെന്നാണിപ്പോൾ പറയുന്നത്. ജംബോകമ്മിറ്റി വേണ്ടാ എന്നു പറഞ്ഞാൽ, ജഗജംബോ കമ്മിറ്റി ആകാം എന്നുള്ളത് കൊണ്ട് ഒരു മില്യൺ ജനറൽ സെക്രട്ടറിമാർ, പത്ത് മില്യൺ സെക്രട്ടറിമാർ എന്നിങ്ങനെയുള്ള കമ്മിറ്റിയാവട്ടെയെന്ന തീരുമാനത്തിലെത്തിയതാണ്. ആരും തെറ്റിദ്ധരിക്കരുത്.
ഇ-മെയിൽ : dronar.keralakaumudi@gmail.com