
രംഗം വർക്കല നാരായണ ഗുരുകുലം. ഒരു സന്ദർശകൻ. പരിചയമുള്ളയാൾ. അല്പം ഹിന്ദുത്വമുള്ളയാളാണെന്നറിയാം. അദ്ദേഹം ചോദിക്കുന്നു :
''ഇവിടെ സന്ധ്യയ്‌ക്കു നടക്കുന്ന പ്രാർത്ഥനകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. നാരായണഗുരുവിന്റെ ദൈവദശകത്തോടൊപ്പം ക്രിസ്‌തീയ പ്രാർത്ഥനയും ഇസ്ളാമിക പ്രാർത്ഥനയും ഇവിടെ ചൊല്ലാറുണ്ട്. ഇങ്ങനെയൊരു രീതി ക്രിസ്‌ത്യാനികളോ മുസ്ളീങ്ങളോ നടത്തുന്ന പ്രാർത്ഥനകളിൽ കാണാറില്ലല്ലോ?"
അതുകൊണ്ട് ഇവിടെയും അതില്ലാതിരുന്നുകൂടേ എന്നാണ് ചോദിക്കാൻ പോകുന്നതെന്ന് എനിക്കു തോന്നി. ഞാൻ ചോദിച്ചു:
''ഇവിടെ അത്തരത്തിൽ പ്രാർത്ഥിക്കുന്നതിനെപ്പറ്റി നിങ്ങളുടെ അഭിപ്രായമെന്താണ്?"
''വളരെ നല്ലതാണ്."
''അപ്പോൾ നല്ലൊരു കാര്യം ചെയ്യുന്നതെന്തിനെന്ന ചോദ്യം ഉദിക്കുന്നില്ല."
ഇതിനോടു ചേർത്തു മറ്റൊരു സംഭവം കൂടി കാണണം. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ ഒരു ഗുരുകുല സ്റ്റഡി സർക്കിൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ നാരായണഗുരുവിന്റെ അനുകമ്പാദശകത്തെ അടിസ്ഥാനമാക്കി ക്ളാസ് നടത്തുന്നത് സി. എച്ച്. മുസ്‌തഫാ മൗലവിയാണ്. ഇദ്ദേഹം 'ഖുറാൻ - അകംപൊരുൾ - മാനവിക വ്യാഖ്യാനം" എന്ന പേരിൽ വിശദമായ ഖുറാൻ വ്യാഖ്യാനമെഴുതി പ്രസിദ്ധീകരിച്ച പണ്ഡിതനാണ്. അദ്ദേഹത്തിന്റെ അനുയായികളായ ഒരു സംഘം മുസ്ളീങ്ങളും ഈ ക്ളാസിൽ പങ്കെടുക്കുന്നുണ്ട്. ഇക്കഴിഞ്ഞ റംസാന് ഒരു ദിവസത്തെ നോമ്പുതുറയും, ഈ ക്ളാസ് നടക്കുന്ന ദിവസം അതേ ഭവനത്തിൽ വച്ചു നടന്നു. അവരുടെ നിസ്‌കാരത്തിനുള്ള സൗകര്യവും അവിടെത്തന്നെ ചെയ്തുകൊടുത്തു.
അതുകഴിഞ്ഞ് അതിൽ പങ്കെടുത്ത ഒരു മുസ്ളിം ആ ക്ളാസിലെ പൊതുവേദിയിൽ വച്ചു ചോദിച്ചു:
''ഈ വീട്ടുടമയായ മാധവൻ നമുക്കെല്ലാം നിസ്‌കരിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കിത്തന്നു. ഇതേ മാധവൻ തന്നെ നമ്മുടെ വീട്ടിൽ വന്നാൽ, അദ്ദേഹത്തിന് വിളക്ക് കത്തിച്ചുവച്ചു പ്രാർത്ഥിക്കാനുള്ള സൗകര്യം നമ്മൾ ഒരുക്കിക്കൊടുക്കുമോ?"
ഈ ചോദ്യത്തിന് ആരെങ്കിലും ഉത്തരം പറഞ്ഞോ എന്നറിയില്ല.
മതസൗഹാർദ്ദം യാഥാർത്ഥ്യമായിത്തീരേണ്ടത് പൊതുവേദികളിലെ പ്രസംഗങ്ങളിലും അതിനു ലഭിക്കുന്ന കൈയടികളിലുമല്ല, മനുഷ്യരെന്ന നിലയിൽ എല്ലാ മതവിശ്വാസികളുടെയും ഹൃദയത്തിലാണ്. ആ ഹൃദയവിശാലത ഉണ്ടാകാത്തിടത്തോളം കാലം മതസൗഹാർദ്ദം ഒരിക്കലും യാഥാർത്ഥ്യമായിത്തീരാത്ത സ്വപ്‌നമായിരിക്കും.