കുളത്തൂർ: ശ്രീനാരായണ ഗുരുദേവൻ രണ്ടാമത് ശിവപ്രതിഷ്ഠ നടത്തിയ കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ ഈ വർഷത്തെ മണ്ഡലവിളക്ക് മഹോത്സവത്തിന് ഇന്ന് തിരിതെളിയും. ഡിസംബർ 27ന് കോലത്തുകര ലക്ഷാർച്ചനയും മഹാമൃത്യുഞ്ജയ ഹോമത്തോടെയും മണ്ഡല മഹോത്സവം സമാപിക്കും. കോലത്തുകര ക്ഷേത്രത്തിൽ പുതിയ തന്ത്രിയായി ചുമതലയേറ്റ സി.എസ്. സുദർശനൻ ചന്ദ്രമംഗലത്തിന്റെയും ക്ഷേത്ര മേൽശാന്തി ജി. സഞ്ജിത്ത്‌ ദയാനന്ദന്റെയും മുഖ്യ കാർമ്മികത്വത്തിൽ പത്തോളം പരികർമ്മികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ലക്ഷാർച്ചനയും മഹാമൃത്യുഞ്ജയഹോമവും രാവിലെ 6ന് ആരംഭിച്ച് രാത്രി 7ന് സമാപിക്കും. ലക്ഷാർച്ചനയിൽ പങ്കുകൊള്ളാൻ താത്പര്യമുള്ള ഭക്തജനങ്ങൾ നൂറുരൂപ ക്ഷേത്രസമാജം ഓഫീസിൽ അടച്ച് മുൻകൂട്ടി കൂപ്പൺ കൈപ്പറ്റേണ്ടതാണ്. മണ്ഡലവിളക്ക് നടത്താൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടണമെന്ന് കോലത്തുകര ക്ഷേത്ര സമാജം സെക്രട്ടറി എസ്. സതീഷ്ബാബു അറിയിച്ചു.