kovalam

കോവളം: നിർമ്മാണം പുരോഗമിക്കുന്ന മുക്കോല കാരോട് ബൈപാസ് അടുത്ത വർഷം പകുതിയോടെ പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു. മുക്കോല തലയ്‌ക്കോടു മുതൽ തമിഴ്‌നാട് അതിർത്തിയായ കാരോട് വരെ നീളുന്നതാണ് രണ്ടാം ഘട്ടം. രണ്ടു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാമെന്ന ഉറപ്പിന്മേലാണ് കമ്പനി കരാർ ഏറ്റെടുത്തതെങ്കിലും പകുതി പണികൾ മാത്രമാണ് പൂർത്തിയാക്കാനായത്. പ്രതികൂല കാലാവസ്ഥയും നിർമ്മാണ സാധനങ്ങളുടെ ദൗർലഭ്യവും പണികൾ സമയബന്ധിതമായി പൂർത്തിയാകുന്നതിന് തിരിച്ചടിയായി. തുടർച്ചയായ മഴയിൽ ചെളി നിറഞ്ഞതിനാൽ സാധനങ്ങളുമായി എത്തുന്ന വാഹനങ്ങൾ പുതയുന്നതാണ് ജോലി വൈകാൻ മറ്റൊരു കാരണം. തലയ്‌ക്കോട് മുതൽ പുന്നക്കുളം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന്റെ പിറക് വശത്തെ അടിപ്പാതവരെയുള്ള നിർമ്മാണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇവിടെ സർവീസ് റോഡിന്റെ നിമ്മാണം ആരംഭിച്ചെങ്കിലും അരകിലോമീറ്റർ ദൂരം മാത്രമാണ് പൂർത്തിയായത്. തലയ്‌ക്കോട് നിന്ന് നെട്ടത്താന്നി 300 മീറ്റർ ദൂരം കോൺക്രീറ്റ് പാകി. ഇവിടെ റോഡ് നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും കോൺക്രീറ്റ് ബ്രിക്‌സുകളും മെറ്റൽകൂനകളും ഇരുമ്പ് കമ്പികളും മറ്റ് നിർമ്മാണ സാമഗ്രികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുന്നക്കുളം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിന്റെ പിറക് ഭാഗം മുതൽ വേങ്ങപ്പൊറ്റ വരെയുള്ള റോഡിന്റെ നിർമ്മാണവും ആരംഭിച്ചു. പുന്നക്കുളത്ത് പുതുതായി നിർമ്മിക്കുന്ന അടിപ്പാതയുടെ ഇരുവശങ്ങളിലും കോൺക്രീറ്റ് തൂണുകൾ നിർമ്മിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കോൺക്രീറ്റ് ജോലികൾ പൂർത്തിയാകും. പുന്നക്കുളത്തെ അടിപ്പാതയുടെ 80 അടിയോളം മുകളിലൂടെയാണ് ബൈപ്പാസ് കടന്ന് പോകുന്നത്. സംസ്ഥാനത്ത് ആദ്യമായി ടാറിനു പകരം കോൺക്രീറ്റാണ് റോഡിന്റെ പ്രതലത്തിനായി ഉപയോഗിക്കുന്നത്. അറ്റകുറ്റപ്പണികളില്ലാതെ പത്തു വർഷത്തിലധികം റോഡ് ഉപയോഗിക്കാനാകും എന്നതാണു പ്രത്യേകത.

തിരിച്ചടിയായത്

പ്രതികൂല കാലാവസ്ഥ

നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം

സാധനങ്ങളുടെ ദൗർലഭ്യം

ചെലവ് 497 കോടി രൂപ

ദൂരം 16.2 കിലോമീറ്റർ

നിർമ്മാണം പൂർത്തിയാക്കാൻ ഉദ്ദേശിച്ചത് 2018 ആഗസ്റ്റിൽ