എത്രയൊക്കെ കരുതലെടുത്തിട്ടും സംസ്ഥാനത്തെ സർവകലാശാലകളിൽ മാർക്ക് തട്ടിപ്പിലൂടെ നിരവധി പേർ വിജയികളാകുന്നുവെന്ന റിപ്പോർട്ടുകൾ അത്യധികം ലജ്ജാകരമാണ്. പരീക്ഷകളുടെ പ്രസക്തിയെത്തന്നെ ചോദ്യം ചെയ്യുന്നതാണ് ഇമ്മാതിരി സംഭവങ്ങൾ. മഹാത്മാഗാന്ധി സർവകലാശാലയിൽ സിൻഡിക്കേറ്റിന്റെ മാർക്ക് ദാനം വഴി കുറെ കുട്ടികൾ കടന്നുകൂടിയ വാർത്ത വൻ വിവാദമായപ്പോൾ സർവകലാശാല അത് തിരുത്തിയത് ഈ അടുത്ത നാളിലാണ്. ഇപ്പോഴിതാ കേരള സർവകലാശാലയാണ് മാർക്ക് തട്ടിപ്പിന്റെ നാറുന്ന കഥയുമായി ജനമദ്ധ്യത്തിൽ നാണിച്ചുനിൽക്കേണ്ട അവസ്ഥയിലായത്. തോറ്റവർ ജയിച്ചു കാണാൻ നിഗൂഢതാത്പര്യമുള്ള ആരൊക്കെയോ ചേർന്ന് അതീവ രഹസ്യമായി കമ്പ്യൂട്ടറിൽ നുഴഞ്ഞു കയറി മാർക്ക് കൂട്ടിയിട്ട് പലരെയും ജയിപ്പിച്ചുവെന്നാണു കണ്ടെത്തൽ.
ഒരു വർഷം മുൻപേ സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാർ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥയെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ സർവകലാശാല ശ്രമിക്കുന്നുണ്ട്. എന്നാൽ 2016-നും 2019-നുമിടയ്ക്ക് നടന്ന 16 പരീക്ഷകളിൽ ക്രമക്കേടുകൾ നടത്തി തോറ്റ നിരവധി വിദ്യാർത്ഥികളെ കടമ്പ കടത്തിവിട്ടിട്ടുണ്ടെന്ന വാർത്ത കൂടുതൽ ഗൗരവമാർന്നതാണ്. ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്വേർഡ് കൈക്കലാക്കി കമ്പ്യൂട്ടറിൽ മാർക്ക് കൂട്ടിയിട്ട ക്രമക്കേടിൽ പങ്കാളികളായ ഉദ്യോഗസ്ഥർ വേറെയും കാണുമല്ലോ. രഹസ്യസ്വഭാവത്തോടെ പ്രവർത്തിക്കുന്ന സർവകലാശാലാ പരീക്ഷാ വിഭാഗത്തിൽ ഇതുപോലുള്ള ക്രമക്കേടുകൾ നടക്കണമെങ്കിൽ അത്രയധികം നിരുത്തരവാദപരമായ നിലയിലാണ് അവിടത്തെ കാര്യങ്ങൾ എന്നല്ലേ അർത്ഥമാക്കേണ്ടത്. ബി.എ, ബി.ബി.എ, ബി.സി.എ തുടങ്ങിയ ഡിഗ്രി പരീക്ഷയിലാണ് തിരിമറി നടന്നിരിക്കുന്നത്. മോഡറേഷൻ മാർക്ക് കൂട്ടിയിട്ടുകൊണ്ടാണ് തോറ്റ പലരെയും ജയിപ്പിച്ചത്. 16 പരീക്ഷകളിലായി 76 മാർക്ക് മോഡറേഷൻ നൽകാനാണ് സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നത്. അത്രയും മാർക്ക് ലഭിച്ചിട്ടും തോറ്റവരുടെ പട്ടികയിലുണ്ടായിരുന്ന ചിലരെ ജയിപ്പിക്കാൻ വേണ്ടി മോഡറേഷൻ മാർക്ക് 132 ആയി പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഇതിനായി ഡെപ്യൂട്ടി രജിസ്ട്രാറുടെ പാസ്വേർഡാണ് തട്ടിപ്പുസംഘം ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥലം മാറിപ്പോയപ്പോൾ അവരുപയോഗിച്ചിരുന്ന കമ്പ്യൂട്ടർ പാസ്വേർഡ് സാധാരണഗതിയിൽ അസ്ഥിരപ്പെടുത്തേണ്ടതാണ്. അങ്ങനെയുള്ള സുരക്ഷാനടപടികൾ സ്വീകരിക്കാത്തതുകൊണ്ടാണ് സർവകലാശാലാ പരീക്ഷാവിഭാഗത്തിലെ തന്നെ ചില കുബുദ്ധികൾ അവസരം ദുരുപയോഗപ്പെടുത്തി കാര്യം സാധിച്ചെടുത്തത്. പി.വി.സിയുടെ നേതൃത്വത്തിൽ ഈ ക്രമക്കേടിനെക്കുറിച്ച് സമഗ്ര അന്വേഷണത്തിന് വൈസ് ചാൻസലർ ഉത്തരവിട്ടിട്ടുണ്ട്. സംഘടനകൾക്കു മേൽകൈയുള്ള സർവകലാശാലയിൽ ഇതുപോലുള്ള അന്വേഷണങ്ങളുടെ ഫലം എന്താകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. ഇതിനു മുമ്പ് നടന്നിട്ടുള്ള ഇതുപോലുള്ള അനേകം തിരിമറികളുമായി ബന്ധപ്പെട്ട് എത്രപേർ ശിക്ഷിക്കപ്പെട്ടു എന്ന് പരിശോധിച്ചാലറിയാം അന്വേഷണങ്ങളുടെ സ്വഭാവം. എൽ.എൽ.ബി, ബി.ടെക് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിലും കൃത്രിമങ്ങൾ നടന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
പരീക്ഷയിൽ വിജയം നേടാൻ അവിഹിത മാർഗങ്ങൾ സ്വീകരിക്കുന്നവർ എല്ലാക്കാലത്തും ഉണ്ട്. ഉത്തരക്കടലാസുകളുടെ പിറകേ പോയി സ്വാധീനം ചെലുത്തി മാർക്ക് കൂട്ടിയിടുന്ന രീതിയായിരുന്നു പണ്ടൊക്കെ. സർവകലാശാലകളുടെ പരീക്ഷാവിഭാഗത്തിലെ ഉദ്യോഗസ്ഥർ പ്രായേണ നേരും നെറിയുമുള്ളവരായിരുന്നതിനാൽ ക്രമക്കേടുകൾക്ക് സാദ്ധ്യതയും കുറവായിരുന്നു. എല്ലാ മേഖലകളിലും പിൽക്കാലത്തുണ്ടായ അപചയങ്ങൾ സർവകലാശാലകളെയും ബാധിച്ചതോടെയാണ് പരീക്ഷകളുടെ വിശ്വാസ്യതയും തകരാൻ തുടങ്ങിയത്. പ്രവേശന പരീക്ഷയിലൂടെയല്ലാതെ മെഡിക്കൽ പ്രവേശനം നടന്നിരുന്ന കാലത്തുണ്ടായ സർവകലാശാലാ മാർക്ക് തട്ടിപ്പു സംഭവം കുപ്രസിദ്ധമാണ്. ഈ കേസിലുൾപ്പെട്ട പലരും പിന്നീട് ശിക്ഷിക്കപ്പെട്ടെങ്കിലും തട്ടിപ്പുകൾ പല രൂപത്തിലും ഭാവത്തിലും ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിൽ ഏറ്റവുമധികം മൂല്യശോഷണമുണ്ടായതും സംസ്ഥാനത്തെ സർവകലാശാലകൾക്കാണ്. മികവിന്റെയും വിജ്ഞാനത്തിന്റെയും ഉന്നത കേന്ദ്രങ്ങളായി പരിലസിക്കേണ്ട സർവകലാശാലകൾ അവിടെ നിത്യേന അരങ്ങേറുന്ന പലതരത്തിലുള്ള ക്രമക്കേടുകളുടെയും കാപട്യങ്ങളുടെയും പേരിലാണ് ഇന്ന് ഏറെ അറിയപ്പെടുന്നത്. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവുമൊക്കെ പ്രശ്നജടിലമായി മാറുമ്പോൾ അനവധി വിദ്യാർത്ഥികളാണ് അതിന്റെ ദുരന്തം അനുഭവിക്കേണ്ടിവരുന്നത്. സർവകലാശാലാ പരീക്ഷകളുടെ വിശ്വാസ്യത പരമപ്രധാനം തന്നെയാണ്. തോറ്റവർക്കും വളഞ്ഞ വഴിയിലൂടെ ജയിക്കാൻ കഴിയുമെന്ന് വന്നാൽ പിന്നെ അത്തരം പരീക്ഷകൾക്ക് എന്തു വിശ്വാസ്യതയാണുള്ളത്. കേവലം ബിരുദധാരികളെ പടച്ചുവിടാനുള്ള ഉത്പാദനശാലകളായി സർവകലാശാലകൾ മാറുന്നത് സമൂഹത്തോടു കാണിക്കുന്ന ഏറ്റവും വലിയ ദ്റോഹമാണ്.