കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എം.എൽ.എമാരും എം.പിയും ഇന്നലെ രാവിലെ 10ന് ദേശീയപാത ഉപരോധിച്ചു. സംഭവത്തിൽ മൂന്ന് എം.എൽ.എമാരെയും എം.പിയെയും അറസ്റ്റു ചെയ്തു. കന്യാകുമാരി- കളിയിക്കാവിള ദേശീയപാതയിൽ രണ്ട് സ്ഥലങ്ങളിലായാണ് ഉപരോധം നടന്നത്. എം.എൽ.എമാരായ രാജേഷ്‌കുമാർ, വിജയധരണി എന്നിവരുടെ നേതൃത്വത്തിൽ കളിയിക്കാവിള ജംഗ്ഷനിലും വസന്തകുമാർ എം.പി, പ്രിൻസ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ നാഗർകോവിൽ കളക്ടറേറ്റിന്റെ മുന്നിലുമാണ് ഉപരോധസമരം നടത്തിയത്. റോഡ് വികസനത്തിനായി 36കോടി രൂപ ഫണ്ട് ടെൻഡർ ആയിട്ടും റോഡ് പണികൾ ആരംഭിക്കാത്തതിൽ പ്രധിഷേധിച്ചാണ് ഉപരോധം നടത്തിയത്. കളിയിക്കാവിളയിൽ പ്രവർത്തകർ ശവമഞ്ചത്തിൽ കിടന്ന് പ്രതിഷേധിച്ചു. ഇവരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. പ്രവർത്തകർ പൊലീസ് വാഹനത്തിൽ കയറാൻ കൂട്ടാക്കാത്തതിനാൽ നേരിയ സംഘർഷമുണ്ടായി. തുടർന്ന് ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. നാഗർകോവിലിൽ എം.പി, എം.എൽ.എമാരടക്കം മുന്നൂറോളം പ്രവർത്തകർ അറസ്റ്റിലായി.