nov15b

ആറ്റിങ്ങൽ: ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിൽ മൂന്നു കോടിയിലേറെ രൂപ ചെലവിൽ നിർമ്മിച്ച കെട്ടിട നിർമ്മാണത്തിൽ അപാകതയും അഴിമതിയുമുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കച്ചേരി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ആറ്റിങ്ങൽ നഗരസഭയ്ക്ക് മുന്നിൽ നഗരസഭാ പ്രതിപക്ഷ നേതാവ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ട് ചെലവിട്ടു നടക്കുന്ന നിർമ്മാണത്തിന് പിന്നിലെ സാമ്പത്തിക അഴിമതിയും അതിന്മേൽ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എന്നിവരുടെ ഇടപെടലുകളും അന്വേഷണ വിധേയമാക്കണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്. കിരൺ കൊല്ലമ്പുഴ പറഞ്ഞു. വാർഡ് കൗൺസിലർമാരായ പ്രിൻസ് രാജ്, ആർ.എസ്. പ്രശാന്ത്, പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.എച്ച്. അഷറഫ് ആലങ്കോട്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അനൂപ്, രാജേഷ്, അനന്ദു, വിഷ്ണു, അരുൺ, സതീഷ് എന്നിവർ നേതൃത്വം നൽകി.