ration-shop

തിരുവനന്തപുരം: റേഷൻ സാധനങ്ങൾ വാങ്ങാൻ കാ‌ർഡുമായി കടകളിൽ പോയി കാത്തുനിൽക്കേണ്ട. റേഷൻ നിങ്ങളെ തേടി വീടിന്റെ തൊട്ടടുത്ത്, ചിലപ്പോൾ വീട്ടുമുറ്റത്തുതന്നെ എത്തും. അടുത്ത വർഷം ആദ്യം ആരംഭിക്കുന്ന സഞ്ചരിക്കുന്ന മൊബൈൽ റേഷൻ കട ആദ്യഘട്ടത്തിൽ നഗരപ്രദേശങ്ങളിലാണ് നടപ്പിലാക്കുക. അരിയും പഞ്ചസാരയും മണ്ണെണ്ണയും ആട്ടയുമൊക്കെ നിറച്ച വാഹനങ്ങളിൽ രണ്ട് ജീവനക്കാരുണ്ടാകും. വാഹനത്തിലെ ഇ-പോസ് മെഷീനിൽ വിരൽ അമർത്തി സാധനം വാങ്ങാം.

വിവിധ കാരണങ്ങളാൽ നഗരപ്രദേശങ്ങളിൽ റേഷൻ കട ലൈസൻസികൾ കടകൾ ഒഴിയുന്നത്‌ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. മാത്രമല്ല നഗര പ്രദേശങ്ങളിൽ റേഷൻ വാങ്ങുന്നവർ കുറവുമാണ്. ഈ അവസ്ഥയ്ക്ക്‌ പരിഹാരം എന്ന നിലയ്ക്കുകൂടിയാണ്‌ മൊബൈൽ റേഷൻകടകൾ തുടങ്ങാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്.

വാങ്ങുന്ന സാധനങ്ങളുടെ വിവരം അപ്പപ്പോൾ വെബ്സൈറ്റിൽ രേഖപ്പെടുത്തുന്നതിനാൽ മൊബൈൽ കടകളിൽ നിന്നും വാങ്ങിയ ശേഷം അതേ മാസം മറ്റൊരിടത്തു നിന്നുകൂടി വാങ്ങാൻ കഴിയില്ല.

 പ്രവർത്തനം ഇങ്ങനെ

ഒരു ദിവസം ആവശ്യമുള്ള റേഷൻ സാധനങ്ങളുമായിട്ടായിരിക്കും പുറപ്പെടുക. വാഹനം എത്തുന്ന സ്ഥലങ്ങൾ മുൻകൂട്ടി മാദ്ധ്യമങ്ങളിലൂടെയും മറ്റും അറിയിക്കും. കൗൺസിലർമാർ റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരുടെ സഹകരണത്തോടെ സ്റ്റോപ്പുകൾ നിശ്ചയിക്കും.

 അനന്തരഫലങ്ങൾ

1.റേഷൻ വ്യാപാരികളുടെ തൻപോരിമയ്ക്ക് അറുതിവരും

2.വ്യാപാരികളുടെ സമരം റേഷൻ വിതരണത്തെ ബാധിക്കില്ല

3. അളവ്, തൂക്കങ്ങൾ കൃത്യമായിരിക്കും

 എതിർപ്പ്

റേഷൻ കടകൾ കുറവായ നഗരങ്ങളിലാണ് പദ്ധതി തുടങ്ങുന്നതെങ്കിലും വ്യാപാരികളുടെ എതിർപ്പുണ്ടാകുമെന്നുറപ്പാണ്. റേഷൻ കടകളിൽ എത്തിച്ച് വിപണനം നടത്തേണ്ട ടൺ കണക്കിന് അരിയാണ് കരിഞ്ചന്തകളിലേക്ക് കടത്തുന്നത്. ഈ തട്ടിപ്പിന് കമ്മിഷനായി നല്ലൊരു തുക കിട്ടുന്നവരും പദ്ധതിയെ തുരങ്കം വയ്ക്കാൻ ശ്രമിക്കും.

'' കൂടുതൽ പേർക്ക് പ്രയോജനം ചെയ്യുന്ന വിധിത്തിലാകും സഞ്ചരിക്കുന്ന റേഷൻകടകൾ. ഗുണഭോക്കാക്കൾക്കാണ് പ്രഥമപരിഗണന

- പി.തിലോത്തമൻ, ഭക്ഷ്യമന്ത്രി

റേഷൻ കടകൾ- 14,290

കാർഡ് ഉടമകൾ- 86,56,517