തിരുവനന്തപുരം: കേരള സർവകലാശാലയിൽ പരീക്ഷയിൽ തോറ്റ നൂറുകണക്കിന് വിദ്യാർത്ഥികളെ മാർക്ക് തട്ടിപ്പിലൂടെ ജയിപ്പിച്ച സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിലെത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
2016- 19ലെ 16 പരീക്ഷകളിൽ കൃത്രിമം നടന്നുവെന്ന വിവരം ഞെട്ടിക്കുന്നതാണ്. ആസൂത്രിതമായ തട്ടിപ്പാണിത്. കഴിഞ്ഞ വർഷം സ്ഥലം മാറിപ്പോയ ഒരു ഉദ്യോഗസ്ഥയിൽ മാത്രമായി കേസ് ഒതുക്കരുത്. വിപുലവും ആഴത്തിലുള്ളതുമായ അന്വേഷണം വേണം. നേരത്തെ മന്ത്രിയും പഴ്‌സണൽ സ്റ്റാഫും ഇടപെട്ട് ചട്ടങ്ങൾ ലംഘിച്ച് മാർക്ക് ദാനം നടത്തിയത് വിവാദമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുരുതരമായ മറ്റൊരു മാർക്ക് തട്ടിപ്പ് പുറത്തു വരുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കമ്പ്യൂട്ടർ നെറ്റ് വർക്കിലെ പഴുതുകൾ പൂർണമായും അടയ്ക്കുകയും പരീക്ഷാ സംവിധാനം കുറ്റമറ്റതാക്കുകയും വേണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.