മുടപുരം: ടാറും മെറ്റലും ഇളകി വർഷങ്ങളായി തകർന്നു തരിപ്പണമായി കിടക്കുന്ന മുട്ടപ്പലം മഞ്ചാടിമൂട് റോഡ് റീടാർ ചെയ്യാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ സംസ്ഥാന സർക്കാരോ മുന്നോട്ടു വരാത്തതിൽ പ്രതിഷേധം ശക്തം. ചിറയിൻകീഴ്- മുരുക്കുംപുഴ റോഡിലെ മഞ്ചാടിമൂട്ടിൽ നിന്നും ആരംഭിച്ച് കോളിച്ചിറ, ചേമ്പുംമൂലം വഴി മുടപുരം -മുട്ടപ്പലം റോഡിൽ എത്തിച്ചേരുന്ന ഈ റോഡ് 2012 -ൽ പി.ഡബ്ലിയു.ഡി ഫണ്ടിൽ നിന്നും 57 ലക്ഷം രൂപ ഉപയോഗിച്ച് റീടാർ ചെയ്തതിന് ശേഷം പിന്നെ ഒരു തുകയും ഈ റോഡിനു വേണ്ടി വിനിയോഗിച്ചിട്ടില്ല.
അഴൂർ, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നു പോകുന്ന ഈ റോഡിലൂടെ കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ 10 ട്രിപ്പ് സർവീസ് നടത്തുന്നുണ്ട്. റോഡ് മോശമായതോടെ ബസ് സർവീസ് നിറുത്തി വയ്ക്കേണ്ട സാഹചര്യമാണ് നിലവിൽ. ഒരു വർഷം മുൻപ് ഇതുപോലെ ബസ് സർവീസ് നിറുത്തിവച്ചിരുന്നു. അന്ന് നാട്ടുകാർ റോഡിലെ കുഴികളിൽ മണ്ണിട്ട് നികത്തി ബസ് സർവീസ് പുനരാരംഭിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ശക്തമായ മഴ പെയ്തതിനാൽ റോഡിലെ മണ്ണ് കുത്തി ഒലിച്ചു പോയി. റോഡ് വീണ്ടും പഴയ പടിയായി. ഗ്രാമ പഞ്ചായത്തിന്റെ കൈവശം ഇരുന്ന റോഡ് ഇപ്പോൾ ജില്ലാ പഞ്ചായത്തിന്റെ പരിധിയിലാണ്. അതിനാൽ ഈ റോഡ് ടാർ ചെയ്തു പുതുക്കി പണിയണമെന്നാവശ്യപ്പെട്ട് റോഡ് പുനരുദ്ധാരണ സമിതി ജില്ലാ പഞ്ചായത്ത് മെമ്പർക്ക് നിവേദനം നൽകിയിരിക്കുകയാണ്. ഈ റോഡ് റീടാർ ചെയ്യണമെന്നാവശ്യപ്പെട്ട് റോഡ് പുനരുദ്ധാരണ കമ്മിറ്റി നേരത്തെ കാൽനട ജാഥ ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തിയിട്ടുണ്ട്. മുരുക്കുംപുഴ, ചിറയിൻകീഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ പരിധിയിൽ വരുന്നതാണ് ഈ റോഡ്. വാഹന കാൽനട യാത്രപോലും ദുഷ്കരമായ ഈ റോഡ് റീടാർ ചെയ്യാവാൻ ജില്ലാ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.