sabarimala-issue

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനം അനുവദിച്ചുള്ള കഴിഞ്ഞവർഷത്തെ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി നടപ്പാക്കുന്നതിൽ മൗനം പാലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിശദീകരണക്കുറിപ്പ്. കഴിഞ്ഞവർഷത്തെ ശബരിമല വിധിയെ പേരെടുത്ത് പറഞ്ഞുകൊണ്ട് വിധികൾ നടപ്പാക്കാനുള്ളതാണെന്ന് ജസ്റ്റിസ് നരിമാൻ മുന്നറിയിപ്പ് നൽകിയിട്ടും അതിൽ തൊടാതെ വ്യക്തതക്കുറവുണ്ടെന്നാണ് സി.പി.എം പറഞ്ഞിരിക്കുന്നത്. സെക്രട്ടേറിയറ്റ് തീരുമാനമെടുത്തുവെന്ന മട്ടിൽ വന്ന വാർത്തകൾ നിഷേധിച്ച് ഇറക്കിയ വാർത്താക്കുറിപ്പിൽ, പക്ഷേ പുതിയ കോടതിവിധിയിൽ ആശയവ്യക്തത വരുത്തിയ ശേഷം അതിൽ പറയുന്നത് നടപ്പാക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞവർഷം വിധിയുണ്ടായപ്പോൾ ഭരണഘടനാപരമായ ഉത്തരവാദിത്വം നിർവഹിച്ചുവെന്ന് ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീ-പുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്ന പാർട്ടി നിലപാടും സി.പി.എം ഉയർത്തിക്കാട്ടിയിട്ടുണ്ട്.

2018ലെ വിധി സ്റ്റേ ചെയ്യുന്നുവെന്ന് സുപ്രീംകോടതി ഇപ്പോൾ പറഞ്ഞിട്ടില്ലെങ്കിലും തർക്കവിഷയങ്ങൾ വിശാലബെഞ്ചിന് വിടാനുള്ള തീരുമാനം ഫലത്തിൽ പഴയ വിധിക്കുള്ള സ്റ്റേ പോലെയാണെന്ന പ്രാഥമിക നിയമോപദേശമാണ് സർക്കാരിന് ലഭിച്ചത്. സർക്കാർനിലപാടിനൊപ്പം നിൽക്കുകയെന്ന സമീപനമാണ് സി.പി.എം സെക്രട്ടേറിയറ്റും കൈക്കൊണ്ടിട്ടുള്ളതെങ്കിലും ഔദ്യോഗികമായി നിലപാട് പാർട്ടി പ്രഖ്യാപിച്ചില്ല. വിധിയിൽ ആശയക്കുഴപ്പമുള്ളതിനാൽ ആശയവ്യക്തത വരുത്തി ഭൂരിപക്ഷവിധിയിൽ നിഷ്കർഷിക്കുന്നത് നടപ്പാക്കണമെന്ന് സർക്കാരിനോട് വാർത്താക്കുറിപ്പ് നിർദ്ദേശിക്കുന്നു.

അതിനിടെ, സർക്കാരിന്റെ ചാഞ്ചാട്ടത്തിൽ നവോത്ഥാന മൂല്യസംരക്ഷണസമിതി പ്രത്യക്ഷ വിമർശനവുമായി ഇന്നലെ രംഗത്തുവന്നു. പുരോഗമനപരമായ യുവതീപ്രവേശന വിധിയെ എതിർക്കുന്നവർക്കൊപ്പം പോകുന്നുവെന്ന പ്രതീതി സർക്കാരിന്റെ കീഴടങ്ങലാണെന്ന് സമിതി ജനറൽസെക്രട്ടറി പുന്നല ശ്രീകുമാർ തുറന്നടിച്ചു. വനിതാ മതിലും ഈ മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു. നവോത്ഥാന സംരക്ഷണവുമായി ബന്ധപ്പെട്ട വിവിധങ്ങളായ പ്രശ്നങ്ങളിൽ ഇടപെടുകയെന്ന ലക്ഷ്യത്തോടെ സമിതി പ്രവർത്തിക്കുകയാണ്. അതിനിടയിലാണ് ശബരിമലയെ ചൊല്ലിയുള്ള പുതിയ വിവാദങ്ങൾ.

സി.പി.എം പറയുന്നത്:

'അതത് കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ് സർക്കാരുകൾ പ്രവർത്തിക്കേണ്ടത്. 1991ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്തംബർ 28 വരെ ശബരിമല സ്ത്രീപ്രവേശന കാര്യത്തിൽ എൽ.ഡി.എഫ് സർക്കാരുകൾ പ്രവർത്തിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി വന്ന ശേഷം അത് നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വവും നിർവഹിച്ചു. ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സർക്കാരിന്റെ ഉത്തരവാദിത്വം. എന്നാൽ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളിൽ ഉൾപ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കർഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വമാണ് സംസ്ഥാന സർക്കാർ നിർവഹിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ നിരാശരാക്കിയിട്ടുണ്ടെന്നാണ് പുറത്തുവന്ന വാർത്തകളിൽ നിന്ന് മനസിലാക്കുന്നത്.