പാറശാല: നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഇടം, നിരവധി സ്കൂളുകളിലെ വിദ്യാർത്ഥികൾ കടന്നുപോകുന്ന പാത, ദൈനംദിന ആവശ്യങ്ങൾക്കായി പ്രദേശവാസികൾ കടന്നുപോകുന്ന ഇടം അങ്ങനെ എപ്പോവും തിരക്ക് അനുഭവപ്പെടുന്ന ഇടമാണ് പാറശാല ബസ് സ്റ്റാൻഡ്. എന്നാൽ ബസ് സ്റ്റാൻഡിലെ തിരക്കിന് അനുസരിച്ച് യാത്രക്കാർക്ക് ആവശ്യമായ ബസ് സ്റ്റേഷനോ കാത്തിരുപ്പ് കേന്ദ്രമോ ഇല്ലാത്തതാണ് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. ഒരു ബസ് സ്റ്റാൻഡ് സ്ഥാപിക്കണമെന്ന കാലങ്ങളായി പാറശാലയിലെ തിരക്കിൽ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദേശീയപാതയുടെ ഓരത്തായി ബസ് നിറുത്തി യാത്രക്കാരെ കയറ്റുന്നതിനാൽ തിരക്ക് സമയങ്ങളിൽ അപകടങ്ങളും പതിവാണ്. റോഡിന്റെ വശങ്ങളിൽ വെയിലും മഴയുമേറ്റ് ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയിലാണ് ഇവിടുത്തെ യാത്രക്കാർ.
പാറശാലയിൽ പ്രവർത്തിക്കുന്ന നാല് ഹയർസെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾ സ്കൂൾ വിട്ടിറങ്ങുമ്പോൾ തന്നെ പാറശാല പോസ്റ്റോഫീസ് ജംഗ്ഷൻ തിരക്കിലമരും. വൈകിട്ട് അഞ്ച് മണി കഴിഞ്ഞ് ഓഫീസ് ജീവനക്കാരും കൂടി എത്തുന്നതോടെ പാറശാല ജംഗ്ഷൻ യാത്രക്കാരുടെ തിരക്കിൽ അമരും. ഈ തിരക്ക് തീരണമെങ്കിൽ നോരം വൈകും.
ഇവിടുത്തെ തിരക്ക് കാരണം ഏറെ ബുദ്ധിമുട്ടുന്നത് വിദ്യാർത്ഥികളാണ്. കൂട്ടത്തോടെ വിദ്യാർത്ഥികൾ എത്തുമ്പോൾ ബസിലെ തിരക്ക് കാരണം പലപ്പോഴും കയറിക്കൂടാൻ കഴിയാതെവരും. അതുകൊണ്ട് തന്നെ ഏറെ നേരം കാത്തുനിന്ന് തിക്കും തരക്കും അനുഭവിച്ച് വേണം ബസിനുള്ളിൽ കയറിപ്പറ്റാൻ. ഏറെ വൈകി വിദ്യാർത്ഥികൾ വീട്ടിൽ എത്തുന്നതുകാരണം രക്ഷിതാക്കളും ആശങ്കയിലാണ്.
ബസ് സ്റ്റാൻഡ് നിർമ്മിക്കാൻ പാറശാല പഞ്ചായത്ത് ഓരോ വർഷവും ബഡ്ജറ്റിൽ തുക വകകൊള്ളിക്കാറുണ്ട്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടക്കാറില്ലെന്നതാണ് വാസ്തവം. ഓരോ തിരഞ്ഞെടുപ്പിലും നാട്ടുകാർക്ക് നൽകുന്ന വാഗ്ദാനങ്ങളിൽ ഒന്നാണ് ബസ് സ്റ്റാൻഡ് നിർമ്മാണം എന്നാൽ തിരഞ്ഞെടുപ്പ് ചൂട് കഴിയുമ്പോൾ വാഗ്ദാനങ്ങളുടെ ചൂടും കെട്ടുപോകുമെന്നാണ് നാട്ടുകാർ പറയുന്നത്.