തിരുവനന്തപുരം: പൊലീസിന്റെ കീഴിലുള്ള വിവിധ ഓഫീസുകളിൽ നടത്തിയ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ 73 ശതമാനം ഫയലുകളിലും തീർപ്പ് കൽപ്പിച്ചതായി സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റർ വാർത്താകുറിപ്പിൽ അറിയിച്ചു. ആഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെ ഫയൽ തീർപ്പാക്കൽ തീവ്രയത്‌നം സംഘടിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശത്തെത്തുടർന്നാണിത്. വിവിധ ഓഫീസുകളിൽ ഫയലുകൾ തീർപ്പാക്കുന്നത് ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറായി പൊലീസ് ആസ്ഥാനത്തെ ഐ.ജി പി.വിജയനെ നിയോഗിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വകുപ്പിലെ എല്ലാ ജീവനക്കാരും ചേർന്ന് ഈ നേട്ടം കൈവരിക്കുകയുമായിരുന്നു.
ജൂലായ് 31ലെ കണക്കനുസരിച്ച് 2,64,638 ഫയലുകൾ ഉണ്ടായിരുന്നതിൽ 1,94,123 ഫയലുകളിലും തീരുമാനമായി. പൊലീസ് ആസ്ഥാനത്ത് 46,521 ഫയലുകളിൽ 26,296 എണ്ണത്തിൽ തീരുമാനമായി.
ജൂലായ് 31 വരെയുള്ള ഫയലുകളാണ് യജ്ഞത്തിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിലും അതിനുശേഷം ആരംഭിച്ച ഫയലുകളിൽ പോലും 58 ശതമാനം തീർപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്.