പാറശാല: ചാച്ചാജിയുടെ ജന്മദിനം കൊല്ലയിൽ ഗ്രാമ പഞ്ചായത്തിൽ സമുചിതമായി ആചരിച്ചു. പ്രദേശത്തെ സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ശിശുദിന റാലിയും ദേശീയോദ്ഗ്രഥന സമ്മേളനവും സംഘടിപ്പിച്ചു. ഉദിയൻകുളങ്ങര നിന്നും 2000 ലേറെ വിദ്യാർത്ഥികൾ അണിനിരന്ന റാലി ധനുവച്ചപുരത്ത് സമാപിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി കുമാരി എസ്.എസ്. അമൃത, ഉപ പ്രധാനമന്ത്രി അഞ്ജന അജി എന്നിവരും പഞ്ചായത്ത് ജനപ്രതിനിധികളും നേതൃത്വം നൽകി. ധനുവച്ചപുരത്ത് ചേർന്ന ദേശീയോദ്ഗ്രഥന സമ്മേളനം ധനുവച്ചപുരം വി.ടി.എം എൻ.എസ്. കോളേജ് പ്രൻസിപ്പൽ ഡോ.വി.എം. ആനന്ദ് കുമാർ ഉദ്‌ഘാടനം ചെയ്തു. കുട്ടികളുടെ പ്രധാനമന്ത്രി കുമാരി എസ്.എസ്. അമൃത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വൈ. ലേഖ, വൈസ് പ്രസിഡന്റ് വി.എസ്. ബിനു, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എസ്. കൃഷ്‌ണകുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻമാരായ മോഹൻകുമാർ, അനിത ഷാലി, ആർ. ഡോളി, പഞ്ചായത്ത് സെക്രട്ടറി എസ്.ഒ. ഷാജികുമാർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഹെഡ്മിസ്ട്രസ് സന്ധ്യ. എസ്, പി.ടി.എ പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.