punnala-sreekumar

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധിയുടെ പേരിൽ ഇടതുസർക്കാർ മുൻനിലപാടിൽ നിന്ന് മാറുന്നത് നല്ല സന്ദേശമാകില്ല നൽകുകയെന്ന് നവോത്ഥാന മൂല്യ സംരക്ഷണസമിതി ജനറൽസെക്രട്ടറി പുന്നല ശ്രീകുമാർ പ്രതികരിച്ചു. യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീംകോടതിയിൽ ഇതേ സർക്കാർ നൽകിയ സത്യവാങ്മൂലത്തിന്റെ അന്തസ്സത്തയെ ഇല്ലാതാക്കുന്ന സമീപനമാണിതെന്ന്, ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റേതുൾപ്പെടെ പുറത്തുവന്ന പ്രതികരണങ്ങളെ സൂചിപ്പിച്ച് പുന്നല ശ്രീകുമാർ കേരളകൗമുദിയോട് പറഞ്ഞു.

'സുപ്രീംകോടതി വിധിയുടെ പേരിൽ വീണുകിട്ടിയ അവസരം ഉപയോഗപ്പെടുത്തി അന്തിമവിധി വരെ കാത്തിരിക്കാമെന്ന് സർക്കാരും പറഞ്ഞതോടെ, ഇപ്പോൾ എല്ലാവരും വിശ്വാസികളും ഞങ്ങൾ മാത്രം അവിശ്വാസികളും എന്ന മട്ടിലായി സ്ഥിതി. സർക്കാർ വടി കൊടുത്ത് അടി വാങ്ങുന്ന നിലയായി. സർക്കാരിന് തെറ്റ് തിരുത്താൻ ഇതവസരമായെന്ന് സംഘപരിവാറും സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തലയും പറയുന്ന നിലയുണ്ടായത് സർക്കാരിന്റെ ചില പ്രതികരണങ്ങൾ മൂലമാണ്. എതിർക്കുന്നവരുടെ അതേ ശൈലിയിലേക്ക് മാറിപ്പോകുന്നത് ഒരുതരത്തിലുള്ള കീഴടങ്ങലാണ്. യുവതികൾ വിധിയുമായി വരട്ടെയെന്ന ദേവസ്വംമന്ത്രിയുടെ പ്രതികരണം ഭരണഘടനാവിരുദ്ധവുമാണ്. പരിഷ്കരണ ആശയങ്ങളെ പിറകോട്ടടിക്കാനേ ഇത്തരം സമീപനങ്ങൾ ഉപകരിക്കൂ.

അതേസമയം, നവോത്ഥാന മൂല്യസംരക്ഷണ സമിതി വേറെയും ഒരുപാട് വിഷയങ്ങൾ ഏറ്റെടുക്കുന്നുണ്ട് എന്നതുകൊണ്ടുതന്നെ ശബരിമല വിഷയത്തിലുണ്ടായ വ്യതിചലനങ്ങൾ സമിതിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും പുന്നല ശ്രീകുമാർ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണത്തിൽ സമിതി അപാകത കാണുന്നില്ല. വിധിയിൽ ആശയക്കുഴപ്പമുണ്ടെന്നും പരിഹരിക്കാൻ നിയമോപദേശം തേടുമെന്നും മാത്രമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ യുവതീപ്രവേശനത്തിന് സംരക്ഷണമുണ്ടാവില്ലെന്ന് മന്ത്രിമാരായ എ.കെ.ബാലനും കടകംപള്ളി സുരേന്ദ്രനും തീർത്തുപറഞ്ഞു. അതിൽ കടകംപള്ളിയുടേത് കുറേക്കൂടി കടുത്ത നിലപാടായിപ്പോയെന്നാണ് സമിതിയുടെ വികാരം.