mullappally

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാക്രമക്കേടിൽ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. നിലവിലെ അന്വേഷണം ശരിയായ ദിശയിലല്ലെന്നും സ്വതന്ത്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഉദ്യോഗാർത്ഥികൾ നേരത്തേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അന്വേഷണം ഏതുവിധേനയും അവസാനിപ്പിച്ച് സർക്കാരിന്റെ മുഖം രക്ഷിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. മൂന്ന് പേരെ ഒഴിവാക്കി മറ്റുള്ളവർക്ക് നിയമനം നൽകുന്നതിന് തടസമില്ലെന്ന് പറയുന്ന ക്രൈംബ്രാഞ്ച്, റാങ്ക് ലിസ്റ്റിലെ ആദ്യ 100 പേരെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന പി.എസ്.സി ചെയർമാന്റെ കത്ത് പൂഴ്‌ത്തിവയ്ക്കാനുള്ള കാരണമെന്തെന്ന് വിശദീകരിക്കണം. കുറ്റം ചെയ്യാത്ത ഉദ്യോഗാർത്ഥികളെ ബുദ്ധിമുട്ടിക്കാതെ ക്രമക്കേടിലൂടെ റാങ്ക് പട്ടികയിൽ കയറിക്കൂടിയ എല്ലാവരെയും കണ്ടെത്തി പുറത്താക്കണം. പി.എസ്.സിയെ തകർക്കുന്ന നടപടികൾക്കെതിരെ യു.ഡി.എഫിന്റെ യുവജനവിഭാഗങ്ങളുടെ സംയുക്തമായ പ്രക്ഷോഭ പരിപാടികളുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.