തിരുവനന്തപുരം : ആശുപത്രിയിൽ നിന്ന് അപ്പൂപ്പനൊപ്പം വീട്ടിലേക്ക് മടങ്ങവേ കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് ഏഴു വയസുകാരൻ മരിച്ചു. കരമന മേലാറന്നൂർ ടി.സി 23 -1226 വി.എൻ.ആർ.എ 12 രേവതിയിൽ രതീഷിന്റെയും അനുവിന്റെയും മകൻ ഭഗവത് ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30ന് പട്ടം വൈദ്യുതി ഭവന് മുന്നിലായിരുന്നു അപകടം. കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവനിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് ഭഗവത്.
എസ്.എ.ടി ആശുപത്രിയിൽ ഡോക്ടറെ കണ്ട ശേഷം അപ്പൂപ്പൻ വിശ്വംഭരനൊപ്പം ബൈക്കിൽ വരികയായിരുന്നു ഭഗവത്. പട്ടം വൈദ്യുതി ഭവന് മുന്നിൽ ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടെ ബസ് ബൈക്കിലിടിച്ചു. ഭഗവത് ബസിനടിയിലേക്കും അപ്പൂപ്പൻ മറുവശത്തേക്കും തെറിച്ചുവീണു. ഭഗവതിന്റെ ശരീരത്തിലൂടെ ബസിന്റെ പിൻചക്രം കയറിയിറങ്ങി. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിന്റെ മറുഭാഗത്തു വീണ വിശ്വംഭരൻ പരിക്കില്ലാതെ രക്ഷപ്പെട്ടു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട വിശ്വംഭരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര ഡിപ്പോയിലെ ബസാണ് അപകടമുണ്ടാക്കിയത്.
ഭഗവതിന്റെ മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. കണ്ണൂർ ഗവ.എച്ച്.എസ്.എസിലെ അദ്ധ്യാപകനാണ് പിതാവ് രതീഷ്. അമ്മ അനു കരകുളം കെൽട്രോണിലെ ഡാറ്റ എൻട്രി ഓപ്പറേറ്ററാണ്. നിതയാണ് സഹോദരി. സംസ്‌കാരം ഇന്ന് രാവിലെ നടക്കും.