കണ്ണൂർ: ജീവിതത്തിലെ വെല്ലുവിളികൾ അതിജീവിച്ച് സ്വപ്നങ്ങളുടെ ട്രാക്കിലേക്ക് ഉസൈൻ ബോൾട്ടിനെപ്പോലെ കുതിക്കുയാണ് വിഷ്ണുവെന്ന ആദിവാസി ബാലൻ. വയനാട് സുൽത്താൻ ബത്തേരിയിലെ മുണ്ടക്കൊല്ലി പണിയ കോളനിയിൽ നിന്നാണ് പുത്തൻ പ്രതീക്ഷയായി സംസ്ഥാന സ്കൂൾ കായിക മേളയിലെ വിഷ്ണുവിന്റെ ആദ്യ സുവർണ നേട്ടം.

കൂലിപ്പണിക്കാരനായ കുളിയനാണ് വിഷ്ണുവിന്റെ അച്ഛൻ. അമ്മ നേരത്തെ ഉപേക്ഷിച്ചു പോയി. ബാബു,​രാജു, ബിജു, നന്ദു, ബബിത എന്നിവരാണ് സഹോദരങ്ങൾ. കോളനിയിലെ ബന്ധുവീടുകളിലാണ് വിഷ്ണുവിന്റെയും കുടുംബത്തിന്റെയും താമസം. ക്രിസ്മസ്,​ ഓണം വെക്കേഷനുകളിൽ നാട്ടിലെത്തുന്ന വിഷ്ണു കഴിഞ്ഞ ഓണത്തിന് നാട്ടിൽ പോയതുമില്ല. നാട്ടിലെത്തിയാൽ സ്വന്തമായി പണമുണ്ടാക്കാൻ വിഷ്ണു പണിക്കും പോകാറുണ്ട്. സ്‌പോർട്‌സിൽ വളരെയധികം താത്പര്യമുണ്ടെന്നും ഓരോ മത്സരങ്ങളിൽ സമ്മാനം ലഭിക്കുമ്പോഴും നന്നായി ചെയ്യണമെന്നാണ് വീട്ടുകാർ പറയുന്നതെന്നും സമ്മാനങ്ങൾ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും വിഷ്ണു പറയുന്നു.

സബ് ജൂനിയർ ആൺകുട്ടികളുടെ 400മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാമനായെത്തിയ വെള്ളായണി അയ്യങ്കാളി സ്മാരക സ്പോർട്സ് സ്കൂളിലെ 8ാം ക്ലാസ് വിദ്യാർത്ഥി വിഷ്ണു എം.കെയുടെ ജീവിതത്തിൽ കഷ്ടപ്പാടിന്റെയും അദ്ധ്വാനത്തിന്റെയും കഥയുണ്ട്.

സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കിടപ്പാടമോ ഇല്ലാത്ത കുടുംബത്തിൽ നിന്നാണ് വിഷ്ണു തന്റെ സ്വപ്നങ്ങൾക്ക് പിറകെയുള്ള യാത്ര തുടങ്ങുന്നത്. ചീരാൽ എ.യു.പി സ്കൂളിൽ നാലാം ക്സാസിൽ പഠിക്കുമ്പോൾ ഓട്ടത്തിലും ചാട്ടത്തിലുമുള്ള വിഷ്ണുവിന്റെ താത്പര്യം മനസ്സിലാക്കിയ അദ്ധ്യാപകരാണ് സ്പോർട്സ് സ്കൂൾ സെലക്‌ഷന് അയച്ചത്. വിഷ്ണു ഇത് മൂന്നാം തവണയാണ് സംസ്ഥാന മത്സരത്തിനെത്തുന്നത്. കഴിഞ്ഞ തവണ 400മീറ്ററിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. ഉഡുപ്പിയിൽ നടന്ന കഴിഞ്ഞ സൗത്ത് സോൺ മത്സരത്തിൽ പങ്കെടുത്തെങ്കിലും സമ്മാനം ലഭിച്ചില്ല.
100മീറ്ററിലും 200മീറ്ററിലും മെഡൽ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കേരളത്തിന്റെ ഈ ഭാവി താരം. പി.ആ‍ർ.എസ് നായരുടെ കീഴിലാണ് പരിശീലനം.