crime

ബാലരാമപുരം: താന്നിമൂട് കോഴോട് അനീഷ് ഭവനിൽ പെയിന്റിംഗ് തൊഴിലാളിയായ വിനീതിന്റെ (അനീഷ്, 33)​ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പിടിയിൽ. മുടവൂർപ്പാറ വെട്ടുബലിക്കുളത്തിന് സമീപം വയലിൽ വീട്ടിൽ ബിനുകുമാർ (48)​,​ കൂടല്ലൂർ കു‌ഞ്ചുവീട്ട് വിളാകം വയലിൽ വീട്ടിൽ അനിൽകുമാർ (40)​ എന്നിവരാണ് പിടിയിലായത്. കോസിൽ കുറ്റസമ്മതം നടത്തിയ ഒന്നാം പ്രതി തണ്ണീർത്തിളാകം നെടുങ്കരക്കുന്ന് വയലിൽ വീട്ടിൽ ജയകുമാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതകത്തെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചത്. ഇതിനിടെ അനീഷിന്റെ സഹോദരി വിനീത കൊലപാതകത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര ഡിവൈ.എസ്.പിക്ക് പരാതി നൽകിയിരുന്നു. 2002 ൽ മുടവൂർപ്പാറ വെട്ടുബലിക്കുളത്തിന് സമീപം ജോണി എന്നയാളെ കൊലപ്പെടുത്തിയ കേസിലും ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാറിന്റെ നിർദ്ദേശപ്രകാരം ബാലരാമപുരം സി.ഐ ജി.ബിനു,​ എസ്.ഐ തങ്കരാജ്,​ എ.എസ്.ഐ സാബു,​ പ്രശാന്ത്,​ സിവിൽ പൊലീസ് ഓഫീസർമാരായ സുരേഷ് കുമാർ,​ മനോജ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു.

തിരക്കഥ തിരുത്തി പൊലീസ് അന്വേഷണം

സംഭവത്തിൽ പൊലീസ് പറയുന്നതിങ്ങനെ: നവംബർ 5 ന് രാത്രി കൊലപാതകം നടന്ന ജയകുമാറിന്റെ വീട്ടിലിരുന്ന് അനിൽകുമാറും ജയകുമാറും മദ്യപിക്കുന്നതിനിടെ വീട്ടിൽ കയറിവന്ന അനീഷും ബിനുവും മദ്യം ബലമായി പിടിച്ചുവാങ്ങി കഴിച്ചു. തുടർന്ന് പരസ്പരം വാക്കേറ്റമായി. അനീഷും​ ജയകുമാറും​ അനിൽകുമാറും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമായി. ജയകുമാറിനെ അസഭ്യം പറയുന്നതു കണ്ട് ബിനുകുമാറും പിന്നാലെയെത്തി. ഇതിനിടെ മദ്യലഹരിയിൽ അനിൽകുമാറും ജയകുമാറും ചേർന്ന് അനീഷിനെ പിടിച്ചുതള്ളി. തറയിൽ വീണ അനീഷ് കൈയിൽകിട്ടിയ ഇരുമ്പ് ചുറ്റിക എടുത്ത് വീശിയതിനാൽ ബിനുകുമാറിന്റെ മുഖത്ത് മർദ്ദനമേറ്റു. ഇതു കണ്ടുനിന്ന ജയകുമാറും അനിൽകുമാറും ചേർന്ന് ഉടൻതന്നെ ചുറ്റിക പിടിച്ചുവാങ്ങി. സഹോദരനെ പരിക്കേല്പിച്ച വൈരാഗ്യത്തിൽ ജയകുമാർ ചുറ്റിക കൊണ്ട് അനീഷിനെ മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. ജയകുമാർ അനീഷിനെ ആക്രമിക്കുന്നതിനിടെ യാദൃശ്ചികമായി ബിനുവിന്റെ മുഖത്തും ചുറ്റിക കൊണ്ട് പരിക്കേറ്റു. അനീഷും ബിനുവും പരിക്ക് പറ്റി കിടക്കവെ ജയകുമാറും അനിൽകുമാറും അവിടെനിന്ന് രക്ഷപ്പട്ടു. തെളിവ് നശിപ്പിക്കുന്നതിലേക്കായി അടിക്കാൻ ഉപയോഗിച്ച ചുറ്റിക തോട്ടിൽ വലിച്ചെറിഞ്ഞു. സംഭവം നടന്ന് പിറ്റേന്നാണ് അനീഷിന്റെ മരണം പുറത്തറിയുന്നത്. അന്നുതന്നെ ജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മൊബൈൽ വാങ്ങാനിരുന്ന പൈസയുടെ പേരിലും കൈയാങ്കളി നടന്നു

പണി ചെയ്ത് സ്വരൂക്കൂട്ടിയ 5000 രൂപ മൊബൈൽ വാങ്ങാൻ അനീഷ് സൂക്ഷിച്ചിരുന്നെങ്കിലും ഇതിൽ കുറച്ച് പണം ബിനുകുമാർ കൈക്കലാക്കി. സംഭവം നടന്ന ദിവസവും ഇതേച്ചൊല്ലി വാക്കേറ്റം നടന്നു. പണം തിരികെ വേണമെന്നും അനീഷ് ആവശ്യപ്പെട്ടിരുന്നു. തരാൻ വിസമ്മതിച്ചപ്പോൾ അനീഷ് ബിനുവിന്റെ മാതാപിതാക്കളെ അസഭ്യം പറഞ്ഞു. ഇത് കേട്ടുനിന്ന ജയകുമാർ ഓടിയെത്തിയതോടെയാണ് പിന്നീടുള്ള സംഘർഷങ്ങൾ ഉടലെടുത്തത്.