തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സി.പി.എമ്മിനും സംസ്ഥാന സർക്കാരിനും ഉണ്ടായിട്ടുള്ള നിലപാട് മാറ്റത്തെ സ്വാഗതം ചെയ്യുന്നതായി ബി.ജെ.പി വക്താവ് എം.എസ്. കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുവതിപ്രവേശനത്തിനായി കഴിഞ്ഞ തീർത്ഥാടനകാലത്ത് സർക്കാർ നടത്തിയ കുത്സിത ശ്രമങ്ങൾ തടയാൻ നാമജപയജ്ഞം നടത്തിയവർക്കെതിരായ കള്ളക്കേസുകൾ ഉടനടി പിൻവലിക്കണം. വിശാല ബെഞ്ചിന് മുമ്പാകെ ശബരിമലയിലെ ആചാരങ്ങളുടെ സവിശേഷതകളിലൂന്നിയ പുതിയ സത്യവാങ്മൂലം സർക്കാർ സമർപ്പിക്കണം. കൂടംകുളം പദ്ധതിയുടെ ഭാഗമായ ഇടമൺ - കൊച്ചി ലൈൻ പൂർണമായും കേന്ദ്ര സഹായത്തോടെയുള്ള പദ്ധതിയാണെന്നിരിക്കെ, കേന്ദ്രസർക്കാരിന്റെ പങ്കിനെക്കുറിച്ച് ഒന്നും ഉരിയാടാതെ സംസ്ഥാന സർക്കാരിന്റെ നേട്ടമായി അവതരിപ്പിക്കുന്നത് അങ്ങേയറ്റത്തെ അല്പത്തരമാണ്. ട്രഷറി പോലും പൂട്ടിയിടേണ്ട അവസരത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് അനേക ലക്ഷങ്ങൾ പ്രചരണത്തിനായി ചെലവഴിക്കുന്നതെന്നും എം.എസ്. കുമാർ കുറ്റപ്പെടുത്തി.