തിരുവനന്തപുരം: നവോത്ഥാന മുന്നേറ്റത്തിന്റെ തുടർച്ച കാലത്തിന് അനുയോജ്യമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദക്ഷിണകേരള മഹായിടവക വജ്രജൂബിലി ആഘോഷത്തിന് വീഡിയോ സന്ദേശത്തിലൂടെ ആശംസയർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
നവോത്ഥാനത്തിന്റെ പാരമ്പര്യമുള്ള സി.എസ്.ഐ സഭ ദുർബല വിഭാഗങ്ങളെ മുഖ്യധാരയിൽ എത്തിക്കാനും അധഃസ്ഥിതർക്ക് അറിവിന്റെ വെളിച്ചം പകരാനും ശ്രമിച്ചു. വിദ്യാഭ്യാസം, ആതുരശുശ്രൂഷ തുടങ്ങിയ മേഖലകളിൽ സഭ മാതൃകാപരമായ പ്രവർത്തനം നടത്തി. രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്തുന്ന ആശയങ്ങൾക്ക് പ്രാധാന്യമുള്ള കാലഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് (ബിഷപ്പ് യേശുദാസൻ നഗർ) നടന്ന പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കപടവിശ്വാസികളുടെ മുതലെടുപ്പിന് ചട്ടുകമാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും പുരോഗമന ചിന്താഗതിക്കാരായ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു. കാരക്കോണം മെഡിക്കൽ കോളേജ് പ്രവേശനത്തിന് സംവരണം പുനഃസ്ഥാപിക്കണമെന്ന സഭയുടെ ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ജെ.സി. ഡാനിയേൽ, സത്യൻ, പ്രേംനസീർ എന്നിവരുടെ സ്മരണകൾ പുതുതലമുറയ്ക്ക് പകരാൻ നഗരസഭയുമായി ചർച്ച ചെയ്ത് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബിഷപ്പ് ധർമരാജ് റസാലം അദ്ധ്യക്ഷനായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. സഭ മുദ്ര പതിച്ച സ്റ്റാമ്പ്, പോസ്റ്റ്കവർ എന്നിവ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ സയ്യിദ് റഷീദ് പ്രകാശനം ചെയ്തു. ഡി.എൻ.കാൽവിൻ കിസ്‌റ്റോ പ്രമേയം അവതരിപ്പിച്ചു. അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, കെ.ആൻസലൻ, സി.കെ. ഹരീന്ദ്രൻ, എം. വിൻസെന്റ്, കെ.എസ്. ശബരീനാഥൻ, ഐ.ബി. സതീഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, കെ.ഡി.ടി.സി ചെയർമാൻ എം.വിജയകുമാർ, ഡോ.ആർ.ജ്ഞാനദാസ്, സി.റോബർട്ട് ബ്രൂസ്, സ്റ്റാൻലി ജോർജ്, ഷേർളി റസാലം എന്നിവർ സംസാരിച്ചു. ഡോ.പി.കെ.റോസ്ബിറ്റ് സ്വാഗതവും വിക്ടർ ശാമുവൽ നന്ദിയും പറഞ്ഞു.
ബിഷപ്പ് യേശുദാസനെ കുറിച്ചുള്ള വീഡിയോ പ്രകാശനം ചെയ്തു.